പ്രതിമകള്‍ക്കു നേരെയുള്ള അക്രമം വീണ്ടും ഇത്തവണ പശ്ചിമ ബംഗാളിലെ കട്വയിലുള്ള ജവഹര്‍ ലാല്‍ നെഹ്റുവിന്റെ പ്രതിമയ്ക്ക് നേരെയാണ് അക്രമം നടന്നിരിക്കുന്നത്. നെഹ്റുവിന്റെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയിലാണ് ഉള്ളത്. നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമയിലെ കരി ഓയില്‍ വൃത്തിയാക്കുകയും ചെയ്തു.
മാര്‍ച്ച് അഞ്ചിന് ത്രിപുരയിലാണ് പ്രതിമകള്‍ക്കെതിരെയുള്ള ആക്രമണം ആരംഭിക്കുന്നത്. ലെനിനിന്റെ പ്രചതിമയായിരുന്നു അവിടെ അക്രമിക്കപ്പെട്ടത്. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിച്ചതിന് പിന്നാലെയാണ് ത്രിപുരയില്‍ ഇടത് സ്ഥാപനങ്ങള്‍ക്ക് നേര്‍ക്കും പ്രതിമകള്‍ക്കും കൊടിതോരണങ്ങള്‍ക്ക് നേര്‍ക്കും ആക്രമണം ആരംഭിച്ചത്. ലെനിനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചും വികൃതമാക്കിയിരുന്നു.
തമിഴ്നാട്ടിലും സമാനമായ രീതിയില്‍ പ്രതിമയ്ക്ക് നേര്‍ക്ക് ആക്രമണം നടന്നു. ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേര്‍ക്കാണ് ആക്രമണം നടന്നത്. ചെന്നൈ വെല്ലൂരിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ് വളപ്പിലെ പ്രതിമയ്ക്ക് നേര്‍ക്കാണ് ആക്രമണമുണ്ടായത്.
ഇതിനു പിന്നാലെ മീററ്റിലെ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെയും അക്രമം നടന്നിരുന്നു. അജ്ഞാതരായ സംഘമാണ് മീററ്റിലെ മവാദഖുര്‍ദ് മേഖലയിലെ അംബേദ്കറിന്റെ പ്രതിമ തകര്‍ത്തത്.