ഈട
—————————————————————————–
റിയലിസ്റ്റിക് സിനിമകളെ പ്രോത്സാഹിപ്പിക്കുകയും അത്തരം ശ്രമങ്ങളെ സഹായിക്കുകയും ചെയ്യാൻ ഒരു കൂട്ടം നിർമാതാക്കൾ തുടക്കം കുറിച്ച സംരംഭം ആണ് കളക്ട്ടീവ് ഫേസ് വൺ.
ഇവരുടെ സഹായത്തോടെ നാഷണൽ അവാർഡ് എഡിറ്ററായ ബി അജിത്കുമാർ തന്റെ ആദ്യ സംവിധാന സംരംഭവുമായെത്തുമ്പോൾ നല്ലൊരു സിനിമ തന്നെ പ്രതീക്ഷിച്ചിരുന്നു.
കഥാഗതി
————————–
ഒരു ഹർത്താൽ ദിനത്തിൽ ആണ് ആനന്ദും ഐശ്വര്യയും കണ്ടു മുട്ടുന്നത്. അന്നത്തെ ഇഷ്ടം പിന്നീട് മൈസൂരിൽ വെച്ചു പ്രണയമാവുന്നു.
ഇരുവരുടെയും കുടുംബങ്ങൾ അവരുടെ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണവുമായി ഏറ്റു മുട്ടുമ്പോൾ ഇവരുടെ പ്രണയം പ്രതിസന്ധിയിലാകുന്നു.
തിരക്കഥ
————————–
രണ്ടു ബദ്ധവൈരികളായ കുടുംബങ്ങളിൽ ജനിച്ചു വളർന്ന കുട്ടികൾ തമ്മിൽ പ്രണയവും പിന്നീടുണ്ടാകുന്ന അതിനെ തുടർന്നുള്ള പ്രശ്നങ്ങളും എന്ന കഥാതന്തു ആണ് സിനിമയുടേത്.
ഇങ്ങനെയൊരു കഥ കണ്ണൂരിലെ പാർട്ടി കൊലപാതകങ്ങളുമായി ബന്ധിപ്പിച്ചപ്പോൾ ശക്തമായ ഒരു രാഷ്ട്രീയം സിനിമാക്കുണ്ടായിട്ടുണ്ട്. അതു കൊണ്ടു തന്നെ പറഞ്ഞു പഴകിയ കഥക്ക് പുതിയ മാനവും കൈവന്നു.
ആരോ ഒരുത്തൻ മരിച്ചതിന്റെ പേരിൽ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന പാർട്ടി കോമരങ്ങളെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്.
ഇങ്ങനെയുള്ള രാഷ്ട്രീയ അഴിഞ്ഞാടലുകൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ.
കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം യാഥാർത്ഥ്യത്തോടു ചേർന്നു നിന്നു കൊണ്ടു പറയാൻ ഈടക്ക് കഴിയുന്നുണ്ട്.
പ്രണയത്തിന്റെ തീവ്രത നാടകീയമായ വാക്കുകളുടെ അതിപ്രസരമില്ലാതെ അവതരിപ്പിക്കാൻ ആയി എന്നത് തിരക്കഥയുടെ പ്ലസ് പോയിന്റ് ആണ്.
പ്രണയവും ഇടിയും വെട്ടും കുത്തും എല്ലാം തിരക്കഥയിൽ തന്മയത്വത്തോടെ വന്നു പോകുന്നുണ്ട്. എന്നാലും ഇതൊക്കെ പറയാൻ എടുത്ത സമയം പലപ്പോഴും മുഷിച്ചിൽ ഉണ്ടാക്കുന്നു.
എത്ര മാത്രം റിയാലിറ്റിയോട് ചേർന്ന് നടക്കുമ്പോഴും സിനിമയിൽ നിന്ന് ശ്രദ്ധ പോകുന്ന തരത്തിലേക്ക് വേഗത കുറയുന്ന കഥപറച്ചിൽ കല്ലുകടിയാവുന്നു.
അഭിനേതാക്കളും അഭിനയവും
————————————————————
ഷൈൻ നിഗവും നിമിഷ സജായനും ആണ് ആനന്ദിനെയും ഐശ്വര്യയെയും അവതരിപ്പിച്ചത്. സ്വാഭാവിക ഭാവങ്ങളോടെ തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട് രണ്ടു പേരും. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും കണ്ണുകളിലെ പ്രണയതീവ്രതയും ഇരുവരും ഗംഭീരമായി അവതരിപ്പിച്ചു.
ഗോവിന്ദൻ ആയി വന്ന അലൻസിയറിന് പഴയ കഥാപാത്രങ്ങളുടെ സാമ്യത ഉണ്ടായിരുന്നു. കാരിപ്പള്ളി ദിനേശൻ ആയി വന്ന സുജിത് ശങ്കർ പ്രത്യശാസ്ത്രങ്ങളെ പ്രായോഗിക രാഷ്ട്രീയത്തിന് വേണ്ടി ബലികഴിച്ച രാഷ്ട്രീയക്കാനാനായി തിളങ്ങി.
മണികണ്ഠൻ ആചാരി ആണ് ഉപേന്ദ്രൻ ആയി വരുന്നത്. പാർട്ടി പറയുന്നത് പോലെ ജീവിതം ജീവിച്ചു തീർക്കുന്ന പാവങ്ങളുടെ പ്രതിനിധിയായ ഉപേന്ദ്രനോട് ഒരു ഇഷ്ടം പ്രേക്ഷകന് തോന്നിപ്പിക്കാൻ മണികണ്ഠനു കഴിയുന്നുണ്ട്.
അബു വളയംകുളത്തിന്റെ പാർട്ടി ബുദ്ധിജീവിയായ സുധാകരന്റെ വേഷം നന്നായിരുന്നു. ഇന്നത്തെ രാഷ്ട്രീയത്തിലെ പല ചെറ്റതരങ്ങൾക്കിട്ടും സുധാകരൻ എന്ന കഥാപാത്ര നിർമിതിയിലൂടെ കൊട്ടുന്നുണ്ട് സംവിധായകൻ.
ഷെല്ലി കിഷോർ, സുധി കോപ്പ, സുരഭി എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ വന്നു പോകുന്നു
ആശയം
—————————
കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രങ്ങൾ പറയുന്ന കാര്യങ്ങൾ തലച്ചോറിൽ റെക്കോർഡ് ചെയ്ത വെച്ചു മറ്റുള്ളവരുടെ മുന്നിൽ ശർദ്ധിക്കുന്ന പാഴുകൾ ആണ് പലപ്പോഴും മിക്ക പാർട്ടി പ്രവർത്തകരും. പാർട്ടിക്ക് വേണ്ടി എന്തും ചെയ്യും എന്ന് പറഞ്ഞു സ്വന്തം ജീവൻ പോലും കൊടുക്കുന്ന മണ്ടന്മാർ ഇതെല്ലാം സന്തോഷത്തോടെ ആണ് ചെയ്യുന്നത് എന്നതാണ് പരിതാപകരം.
ഇങ്ങനെയുള്ള ആളുകളെയും അവരുടെ ചിന്തകളെയും വരച്ചിടുന്നുണ്ട് ഈട.
കണ്ണൂരിനെ പശ്ചാത്തലമാക്കി കേരളത്തിലെ പകയുടെ രാഷ്ട്രീയത്തിനെ തുറന്നു കാട്ടുന്നുണ്ട് ഈട.
സംഗീതവും സാങ്കേതികവും
——————————————————
പാട്ടുകൾ നന്നായിരുന്നു. സെക്കൻഡ് ഹാഫിലെ പാട്ട് പക്ഷെ സിനിമയുടെ വേഗവുമായി പൊരുത്തപ്പെടാനാവാതെ മുഷിച്ചിൽ സമ്മാനിച്ചു.
പപ്പുവിന്റെ കാമറ സിനിമയുടെ റിയലിസ്റ്റിക് മേക്കിങ്ങുമായി ചേർന്ന് നിന്നു.
പര്യവസാനം
——————————–
കേരളത്തിലെ രണ്ടു പ്രമുഖ പാർട്ടികളുടെ കൊലപാതക രാഷ്ട്രീയവും അത് മൂലം തകർക്കപ്പെടുന്ന ജീവിതങ്ങളും സ്വപ്നങ്ങളും ഈട കാണിച്ചു തരുന്നുണ്ട്.
ആഘോഷ സിനിമകൾക്കിടയിൽ ചിന്തകൾക്ക് ചൂട് പകരുന്ന ഇത്തരം സൃഷ്ടികൾ കുറവുകൾക്കിടയിലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കപ്പെടേണ്ടവ ആണ്.
ആവശ്യത്തിലും വേഗത കുറഞ്ഞൊഴുകുന്ന ഈട എന്തായാലും റിയലിസ്റ്റിക് സിനിമാ അസ്വാദകർക്കുള്ള ഒരു വിരുന്നാണ്.
RATING : 3/5
credits:- mr jayaprakash bathery