ശബരിമല യുവതീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2825 പേര് അറസ്റ്റില്‍. 495 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കും. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളെ ഒഴിവാക്കുമെന്ന ഡിജിപി അറിയിച്ചു. കസ്റ്റഡിയിലെടുത്ത ആയിരത്തി അറുന്നൂറോളം പേരെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ പൊലീസിനെ ആക്രമച്ചത് അടക്കമുള്ള ജാമ്യമില്ലാ കേസുകളില്‍ പിടികൂടിയ ആളുകളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
വിവിധ ജില്ലകളില്‍ നിന്ന് ഏതാനും പേരെ രാത്രിയിലും അറസ്റ്റ് ചെയ്തെന്നാണ് വിവരം. എന്നാല്‍ ഇവരുടെ ക്രോഡീകരിച്ച കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ പങ്കുള്ള ആയിരത്തോളം പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 459 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 651 പേരാണ് പിടിയിലായത്. 300 പേരാണ് റിമാന്‍ഡിലുള്ളത്. അറസ്റ്റ് ഭയന്ന് പലരും മുങ്ങിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും തെരച്ചില്‍ ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം. വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കേണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരെ തത്കാലം നിയമനടപടികള്‍ സ്വീകരിക്കേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നും ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശബരിമലയില്‍ പ്രതിഷേധിച്ചവരുടെ അറസ്റ്റിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നത് സ്ത്രീപ്രവേശത്തെ എതിര്‍ത്തവര്‍ക്കുനേരെ ഒട്ടും വിട്ടുവീഴ്ചയില്ലെന്നാണ്. അറസ്റ്റ് ഇനിയും ഉണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന സൂചന. തീര്‍ത്ഥാടനകാലത്ത് സമരത്തിനിറങ്ങാനിരിക്കുന്നവരെ പിന്തിരിപ്പിക്കാനും സമരം നടത്തുന്നവരെ സമ്മര്‍ദത്തിലാക്കാനുമുള്ള തന്ത്രമാണിത്. ഇതിനെതിരേ ബിജെപി. രംഗത്തെത്തിയതോടെ തീര്‍ത്ഥാടനകാലത്ത് സംഘര്‍ഷസാധ്യത ഏറുകയാണ്. കേരളത്തില്‍ എത്തുന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി ബിജെപി. നേതാക്കള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവരെയും പ്രതിഷേധിച്ചവരെയും ബുധനാഴ്ച രാത്രിമുതലാണ് അറസ്റ്റ്ചെയ്ത് തുടങ്ങിയത്. നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ബിജെപി.യും ഹൈന്ദവ സംഘടനകളും സമരരീതി മാറ്റാന്‍ ആലോചിക്കുകയാണ്. പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തമായ തെളിവുകളോടെയാണ് കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടന്ന അക്രമങ്ങളുടെ തെളിവുകളും പൊലീസ് ശേഖരിച്ചുകഴിഞ്ഞു.
റിട്ട്, പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന നവംബര്‍ 13-ന് സുപ്രീംകോടതിയുടെ നടപടികളിലാണ് എല്ലാവരും കണ്ണുംനട്ടിരിക്കുന്നത്. നടപ്പാക്കാന്‍ സാവകാശം അനുവദിക്കുകയോ വിധിക്കുമുമ്ബുള്ള സ്ഥിതി തത്കാലത്തേക്കെങ്കിലും തുടരാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്താല്‍ അന്തിമതീര്പ്പുവരെയെങ്കിലും സംഘര്‍ഷ സാധ്യതയ്ക്കും ആശങ്കയ്ക്കും ശമനമുണ്ടാകും.
അതേസമയം സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് സൂചന. ആശ്രമത്തിന് സമീപത്തെ കുണ്ടമന്‍കടവ് ക്ഷേത്ര പരിസരത്തു സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
പുലര്‍ച്ചെ രണ്ടോടെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ പരിസരത്തു നിന്നും ഒരാള്‍ ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
പൂജപ്പുര എസ്ഐയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമികളെ എത്രയും വേഗം കണ്ടെത്തണമെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.