പൊലീസ് എന്ന വാക്കിന് കേരളത്തില്‍ ഇപ്പോള്‍ ഭയം എന്നുകൂടി അര്‍ത്ഥമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു . ജനത്തിന്റെ മേല്‍ കുതിര കയറാന്‍ പൊലീസിനെ കയറൂരി വിടുന്ന രീതി അവസാനിപ്പിക്കണമെന്നും. ആഭ്യന്തരവകുപ്പ് പരാജയപ്പെടുമ്ബോള്‍ ദുരന്തം ഏറ്റുവാങ്ങുന്നത് സാധാരണക്കാരാണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേരത്തെ ആലപ്പുഴ കഞ്ഞിക്കുഴിക്ക് സമീപം ബൈക്ക് തടയാന്‍ ശ്രമിച്ച പൊലീസുകാരുടെ നടപടിക്കിടെ രണ്ടുപേര്‍ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.
രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
പൊലീസ് എന്ന വാക്കിന് കേരളത്തില്‍ ഇപ്പോള്‍ ഭയം എന്നുകൂടി അര്‍ത്ഥമുണ്ട്. ചേര്‍ത്തല കണിച്ചുകുളങ്ങര ക്ഷേത്രോത്സവം കഴിഞ്ഞു ബൈക്കില്‍ മടങ്ങിയ കുടുംബത്തെ ഫോളോ ചെയ്തു പോയി അവരെ മരണത്തിലേക്ക് തള്ളിയിടുകയാണ് പൊലീസ് ചെയ്തത്. ജനത്തിന്റെ മേല്‍ കുതിര കയറാന്‍ പൊലീസിനെ കയറൂരി വിടുന്ന രീതി അവസാനിപ്പിക്കണം. ആഭ്യന്തരവകുപ്പ് പരാജയപ്പെടുമ്ബോള്‍ ദുരന്തം ഏറ്റുവാങ്ങുന്നത് സാധാരണക്കാരാണ്, ”
അതേസമയം ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. വാഹനപരിശോധനയ്ക്കിടെ യാത്രക്കാര്‍ പ്രകോപനം ഉണ്ടാക്കിയാലും പൊലീസ് സംയമനം പാലിക്കണമെന്നും ഡിജിപി നിര്‍ദേശിക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസുകാര്‍ക്കും ഒരു മണിക്കൂര്‍ അടിയന്തരപരിശീലനം നല്‍കി. ഹെല്‍മെറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, കാറുകളുടെ അമിതവേഗം എന്നിവ കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണം വാഹനപരിശോധനാ വേളയില്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നിവ സംബന്ധിച്ച് നിലവലുള്ള സര്‍ക്കുലര്‍ പൊലീസുകാരെ പരിചയപ്പെടുത്തണം എന്നീ കാര്യങ്ങള്‍ പഠിപ്പിക്കാനായിരുന്നു ഡിജിപിയുടെ നിര്‍ദേശം.