സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘പൊന്‍കതിര്‍’ പ്രദര്‍ശനമേളയില്‍ താരമായി വൈദ്യുത കാര്‍. മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് ഇ.ടു.ഒ എന്ന കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ കൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും വാഹനങ്ങള്‍ പ്രവർത്തിക്കുമ്പോഴുള്ള ശബ്ദമലിനീകരണവും കുറയ്ക്കാനായി വൈദ്യുതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്രയുടെ വൈദ്യുത കാറിന് കെ.എസ്.ഇ.ബി പിന്തുണ നൽകിയിരിക്കുന്നത് .
പ്രവർത്തിക്കുമ്പോഴുള്ള ശബ്ദം തീരെ ഉണ്ടാകുന്നില്ല എന്നതാണ് ഇ2ഒയുടെ പ്രത്യേകത. നാലുപേര്‍ക്ക് സുഖമായി സഞ്ചരിക്കാവുന്ന കാര്‍ ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ ദൂരം ഓടും. കാറിന്റെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ആറുമണിക്കൂറാണ് വേണ്ടത്. കാറുകള്‍ വീടുകളില്‍ നിന്നു തന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെങ്കിലും പൊതു ഇടങ്ങളില്‍ കാറുകള്‍ റീച്ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിംഗ് ബൂത്തുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ബോര്‍ഡ്.
നിലവില്‍ ആറ് വൈദ്യുത കാറുകളാണ് കെ.എസ്.ഇ.ബി വാങ്ങിയിട്ടുള്ളത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായി രണ്ടു വീതം കാറുകള്‍ ഉണ്ട്. പെട്രോള്‍ പമ്ബിന്റെ മാതൃകയില്‍ ചാര്‍ജിംഗ് ബൂത്തുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ വൈദ്യുത കാറുകള്‍ വാങ്ങുകയും ഇവ കുറഞ്ഞ വാടകയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.