പി കെ ശശി എന്ന വിവാദങ്ങളുടെ തോഴൻ ; ശശിക്കെതിരായ നടപടിയും പാർട്ടിക്കുള്ളിലെ നടപടികളും അഭിപ്രായങ്ങളും ;

home-slider kerala politics

ഡി.വൈ.എഫ്.ഐ ജില്ല നേതാവായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പി.കെ.ശശിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന്് ആറുമാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ഒടുവില്‍ തീരുമാനിച്ചിരിക്കുകയാണ്. യുവതിയുടെ പരാതി അന്വേഷിച്ച എ.കെ.ബാലന്റെയും പി.കെ.ശ്രീമതിയുടെയും നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശശിക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതി അനുമതി നല്‍കിയത്. ഷെര്‍ണ്ണൂര്‍ എം.എല്‍എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ.ശശിക്കെതിരായ ലൈംഗീകാരോപണ വിവാദം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
നേരത്തെ ശശിക്കെതിരായി നല്‍കിയ പരാതിയില്‍ നടപടിയില്ലെന്ന് കാണിച്ച്‌ പരാതിക്കാരിയായ യുവതി കേന്ദ്രനേതൃത്വത്തെ സമീപിച്ചതോടെയാണ് ശശി വിഷയം സി.പി.എമ്മിന് തലവേദനയാകുന്നത്. അത്തരമൊരു പരാതിയെക്കുറിച്ച്‌ അറിയില്ലായെന്ന് പി.ബി. അംഗം പ്രകാശ് കാരാട്ട് നിലപാട് സ്വീകരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പരാതി കിട്ടിയ വിവരം മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ശശി വിഷയത്തില്‍ ദേശീയ നേതൃത്വത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന ആക്ഷേപവും ഇതിനെ തുടര്‍ന്ന് ശക്തമായിരുന്നു. പി.കെ.ശശിക്കെതിരായ ലൈംഗീകാരോപണ പരാതി മാദ്ധ്യങ്ങളില്‍ ചര്‍ച്ചയായതോടെയാണ് സി.പി.എം പി.കെ.ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എ.കെ.ബാലനും പി.കെ.ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷകമ്മീഷനെ ചുമതലപ്പെടുത്തിയ വിവരം പരസ്യമായി പ്രഖ്യാപിക്കുന്നത്. ഈ ഘട്ടത്തില്‍ പി.കെ.ശശിയോട് സി.പി.എം പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചതായി സൂചനകളുണ്ടായിരുന്നു. ഏതാനും നാളത്തേയ്ക്ക് പി.കെ.ശശി പാര്‍ട്ടിവേദികളില്‍ സജീവവുമല്ലായിരുന്നു. എന്നാല്‍ ശശിക്കെതിരായ പരാതിയില്‍ നടപടി നീളുകയും ശശി പാര്‍ട്ടി വേദികളില്‍ സജീവമാകുകയും ചെയ്തതോടെയാണ് സി.പി.എം ശശിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാകാന്‍ തുടങ്ങിയത്. സി.പി.ഐയില്‍ നിന്ന് രാജിവച്ച്‌ സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്കായി പാലക്കാട് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പി.കെ.ശശി അന്വേഷണ കമ്മീഷനംഗം എ.കെ.ബാലനുമായി വേദി പങ്കിട്ടത് ശശിക്കെതിരായ പരാതിയെ സി.പി.എം ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപത്തിന് ശക്തി പകര്‍ന്നിരുന്നു. പിന്നീട് സി.പി.എം സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തുന്ന നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള കാല്‍ നടപ്രചരണ ജാഥയുടെ ഭാഗമായി നടന്ന ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം ജാഥയുടെ ക്യാപ്റ്റനായും പി.കെ.ശശിയെ ജില്ലാ നേതൃത്വം തീരുമാനിച്ചതോടെയാണ് ശശിയെ സംരക്ഷിക്കാന്‍ നേതൃത്വം ശ്രമിക്കുന്നുവെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളിലും ശക്തമാകാന്‍ തുടങ്ങിയത്. ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം ജാഥയുടെ ആദ്യദിവസത്തെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യേണ്ടിയിരുന്ന സംസ്ഥാന കമ്മിറ്റി അംഗമായ എം.ചന്ദ്രന്‍ ജില്ലയില്‍ ഉണ്ടായിട്ടും പരിപാടിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. ശശിക്കെതിരായ ആരോപണത്തില്‍ നടപടി വൈകുന്നതിലുള്ള പ്രതിഷേധമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജാഥ ക്യാപ്റ്റനായ ശശി എത്തുന്നതിന് മുമ്ബായി തന്നെ കുളപ്പുള്ളിയിലെ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ച്‌ എം.ബി.രാജേഷ് എം.പി മടങ്ങിയതും ശശിക്കെതിരായ നടപടി വൈകുന്നതിലെ അനിഷ്ടമായി വിലയിരുത്തപ്പെട്ടിരുന്നു. ശശിക്കെതിരായ നടപടി വൈകുന്നതിലെ പ്രതിഷേധം വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചതും പാലക്കാട്ടെ തന്റെ പഴയ അനുയായികളായ നേതാക്കളുടെ അതൃപ്തി മനസ്സിലാക്കിയായിരുന്നു.

ശശിക്കെതിരായ നടപടി പാലക്കാട് ജില്ലയിലെ സി.പി.എം വിഭാഗീയത ആളിക്കത്തിക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്. ശശിയെ ആദ്യഘട്ടത്തില്‍ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം നേരിടുന്ന ജില്ലാ സെക്രട്ടറിയായ സി.കെ.രാജേന്ദ്രന്‍ സംസ്ഥാന കമ്മിറ്റിയിലും ശശിക്കെതിരായ നടപടിയെ എതിര്‍ത്തിരുന്നതായാണ് സൂചന. എന്നാല്‍ പാലക്കാട് ജില്ലയിലെ ഔദ്യോഗികപക്ഷത്തിനിടയിലും ശശി വിഷയത്തില്‍ കടുത്ത വിയോജിപ്പാണ് ഉണ്ടായിരുന്നത്. ശശിക്കെതിരായ പരാതി മറച്ചുവച്ചതിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനെതിരെ ഔദ്യോഗികപക്ഷത്തിന് മുന്‍തൂക്കമുള്ള ജില്ലാ സെക്രട്ടേറിയറ്റ് ഒറ്റക്കെട്ടായി വിമര്‍ശനമുന്നയിച്ചിരുന്നു. വി.എസ്.പക്ഷത്തിന്റെ കോട്ടയായിരുന്ന പാലക്കാട് പിടിക്കാന്‍ എ.കെ.ബാലന്റെ വലംകൈയായിരുന്നു പി.കെ.ശശി. വി.എസ്.പക്ഷത്തിന്റെ പാലക്കാടു നിന്നുള്ള പ്രമുഖ നേതാക്കളുടെ ചിറകരിയാന്‍ പിണറായി പക്ഷത്തിനായി തന്ത്രങ്ങളെല്ലാം പയറ്റി നേരിട്ട് കളത്തില്‍ ഇറങ്ങിയിരുന്നത് പി.കെ.ശശിയായിരുന്നു. പിന്നീട് പിണറായി പക്ഷം ജില്ലയില്‍ മേല്‍ക്കൈ നേടിയപ്പോഴും ജില്ലയില്‍ പി.കെ.ശശിക്കായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ നിയന്ത്രണം. ശശിയുടെ അപ്രമാദിത്യം ഔദ്യോഗിക ചേരിയില്‍ ഭിന്നതയുണ്ടാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഉറച്ച സീറ്റായ ഷൊര്‍ണ്ണൂരില്‍ നിന്ന് മത്സരിക്കാന്‍ മുതിര്‍ന്ന നേതാവായ പി.കെ.സുധാകരന്‍ രംഗത്തുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പി.കെ.ശശിയും പി.കെ.സുധാകരനും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസം ജില്ലയിലെ ഔദ്യോഗിക വിഭാഗത്തിനിടയില്‍ ഭിന്നതയുണ്ടാക്കിയിരുന്നു. ഒറ്റപ്പാലം സീറ്റിനായി വാദിച്ചതിന്റെയും സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെയും പേരില്‍ മുന്‍ എം.എല്‍.എ എം.ഹംസയുമായും പി.കെ.ശശി കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ടു വച്ചു നടന്ന സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തില്‍ ജില്ല സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പി.കെ.സുധാകരനെയും എം.ഹംസയെയും നിയമസഭാ സീറ്റിനുവേണ്ടി രംഗത്തിറങ്ങിയതിന്റെ പേരില്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. സി.കെ.രാജേന്ദ്രന് മേല്‍ ശശി സമ്മര്‍ദ്ദം ചെലുത്തിയാണ് ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ പാര്‍ലമെന്ററി വ്യാമോഹം ആരോപിച്ച്‌ പേരെടുത്ത് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. മാത്രമല്ല സമ്മേളനത്തില്‍ പങ്കെടുത്ത പിണറായി വിജയന്‍ വിഭാഗീയതയ്‌ക്കെതിരായി ശക്തമായ താക്കീതും നല്‍കിയിരുന്നു. പുതിയതായി രൂപീകരിച്ച ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന്ം പി.കെ.സുധാകരനെയും എം.ഹംസയേയും ഒഴിവാക്കിയത് ശശിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. യുവനേതാവും എം.പിയുമായ എം.ബി.രാജേഷും പി.കെ.ശശിയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയും പാലക്കാട്ടെ ഔദ്യോഗിക വിഭാഗത്തിനിടിയിലെ കല്ലുകടിയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എ.കെ.ബാലന്റെ നിര്‍ലോഭമായ പിന്തുണയാണ് പി.കെ.ശശിയെ ജില്ലയില്‍ അതിശക്തനാക്കി തീര്‍ത്തത്. പിണറായി വിജയന്റെ അടുത്ത ആളെന്ന ഇമേജും ശശിക്ക് ജില്ലയിലെ താഴേയ്്ക്കിടയിലെ നേതാക്കളെ വരെ വരുതിയില്‍ നിര്‍ത്താനുള്ള പിടിവള്ളിയായിരുന്നു. അതിനാല്‍ തന്നെ ശശിക്കെതിരായ നടപടി വരുന്നതോടെ സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തിലെ ഗ്രൂപ്പു സമവാക്യങ്ങളും മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശശിയുടെ അപ്രമാദിത്യത്തില്‍ അസംതൃപ്തരായ ഔദ്യോഗിക വിഭാഗവും ശശിയെ പ്രഖ്യാപിത ശത്രുവായി കാണുന്ന പഴയ വി.എസ്.ഗ്രൂപ്പിന്റെയും നിലപാടുകള്‍ നിര്‍ണ്ണായകമാണ്.

വിവാദങ്ങളായ തോഴനായ ശശിക്കെതിരെ ഇതിന് മുമ്ബ് അച്ചടക്ക നടപടിയുണ്ടായത് 1991-92 കാലത്തായിരുന്നു. അതിന് ശേഷം തിരിച്ചെത്തിയ ശശി മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സി.ഐ.ടിയു ജില്ലാ ഭാരവാഹിയായും തിരഞ്ഞെടുക്കപ്പെട്ടത്. എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട ഉടനെ തന്നെ പൊലീസിനെതിരെ ശശി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. നിലവിളക്കു കെളുത്തുന്നതിനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ പ്രസ്താവനക്കെതിരായ പി.കെ.ശശിയുടെ പ്രതികരണവും വിവാദമായിരുന്നു. ഏതു തമ്ബുരാന്‍ പറഞ്ഞാലും നിലവിളക്ക് കൊളുത്തുമെന്നും മനസ്സില്‍ ഇരുട്ടുള്ളവരാണ് വെളിച്ചത്തെ ഭയപ്പെടുന്നതെന്നുമായിരുന്നു ശശിയുടെ വിവാദമായ പ്രതികരണം. സി.പി.ഐ ജില്ല സെക്രട്ടറി കെ.പി.സുരേഷ് രാജും പി.കെ.ശശിയുമായുള്ള വാക്ക്‌പോര് ജില്ലയിലെ ഇടതുപക്ഷ മുന്നണിയുടെ കെട്ടുറപ്പിനെപ്പോലും ബാധിച്ചിരുന്നു. പി.കെ ശശിയെ മണ്ണാര്‍ക്കാട്ടെ തമ്ബ്രാന്‍ എന്നായിരുന്നു പൊതുവേദിയില്‍ കെ.പി.സുരേഷ് വിമര്‍ശിച്ചത്. എന്നാല്‍ സി.പി.ഐ നേതാവിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് വരികയും ശശിക്ക് അനുകൂലമായി ഫഌക്‌സുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സി.പി.ഐ നേതാവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ഫഌക്‌സില്‍ പി.കെ.ശശി ഷെര്‍ണ്ണൂരിന്റെ തമ്ബുരാന്‍ ആണെന്ന് പ്രഖ്യാപിച്ചിരുന്നു. പാലക്കാട് സി.പി.എമ്മിന്റെ ജില്ല സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ ആണെങ്കിലും പാര്‍ട്ടിയുടെ ജില്ലയിലെ അവസാന വാക്കായ തുമ്ബ്രാന്‍ പി.കെ.ശശി തന്നെയായിരുന്നു. ആറുമാസത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് തുമ്ബ്രാന്‍ മാറിനില്‍ക്കുന്നതോടെ പാലക്കാട് നേതൃസമവാക്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ പി.കെ.ശശിയുടെ മടങ്ങിവരവിനെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *