പിസി ജോര്‍ജിന് ഒരു വര്‍ഷം തടവോ ? കന്യാസ്ട്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും ഊരിപ്പോരുമോ എംഎൽഎ ; ഇനിയെങ്കിലും വാ അടക്കുമോ പിസി ;

home-slider kerala politics

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. ബിഷപ്പിനെതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ പരാതിപ്രകാരമാണ് പിസി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിസി ജോര്‍ജ് കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ സംസാരിച്ചിരുന്നു. വേശ്യ എന്നടക്കം പിസി ജോര്‍ജ് കന്യാസ്ത്രീയെ വിളിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്.

കുറുവിലങ്ങാട് പോലീസാണ് പിസി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 509ാം വകുപ്പ് പ്രകാരമാണ് കേസ്. പ്രാഥമിക അന്വേഷണത്തില്‍ പിസി ജോര്‍ജ് കന്യാസ്ത്രീയെ അധിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. നിയമോപദേശം തേടിയതിന് ശേഷമാണ് പോലീസ് നടപടി.

പിസി ജോര്‍ജ് ജനപ്രതിനിധി ആയതിനാല്‍ കേസ് എടുക്കുന്നത് സംബന്ധിച്ച്‌ പോലീസിന് ആശയക്കുഴപ്പുമുണ്ടായിരുന്നു. എന്നാല്‍ കേസെടുക്കാം എന്ന നിയമോപദേശമാണ് പോലീസിന് ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് എംഎല്‍എക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

വേശ്യ പരാമര്‍ശം വിവാദമായപ്പോള്‍ പിസി ജോര്‍ജിന് എതിരെ വാമൂടെടാ പിസി പോലുള്ള ക്യാംപെയ്‌നുകള്‍ നടന്നിരുന്നു. തുടര്‍ന്ന് പിസി ജോര്‍ജ് മാപ്പും പറഞ്ഞു. എന്നാല്‍ ആ വാക്ക് പിന്‍വലിച്ചതല്ലാതെ മറ്റ് വ്യക്തിയധിക്ഷേപങ്ങള്‍ പിസി ജോര്‍ജ് പിന്‍വലിച്ചിരുന്നില്ല. കേസിന്റെ തുടക്കം മുതല്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്ന പിസി ജോര്‍ജ് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ കൂടാതെ അവര്‍ക്കൊപ്പം നില്‍ക്കുന്ന കന്യാസ്ത്രീകളേയും തുടര്‍ച്ചയായി അപമാനിക്കുന്നുണ്ട്.

കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി ജോര്‍ജ് കോട്ടയത്തെ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചത്.കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നും പിസി ജോര്‍ജ് പറഞ്ഞു. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത് പോലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *