പാര്‍ട്ടി വിട്ട സിപിഎം നേതാവിനെതിരെ ‘ഓണ്‍ലൈന്‍’ പ്രതികാരം; മകളുടേതെന്ന പേരില്‍ അശ്ശീല വീഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചു; എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്

home-slider kerala news politics

കൊല്ലം: പാര്‍ട്ടി വിട്ട നേതാവിനെതിരെ ഓണ്‍ലൈന്‍ പ്രതികാര നടപടി. പാര്‍ട്ടിയില്‍ നിന്നും പോയ സിപിഎം നേതാവിന്റെ മകളുടേതെന്ന പേരില്‍ അശ്ശീല വീഡിയോയും സന്ദേശങ്ങളുമാണ് പ്രചരിപ്പിച്ചത്. സംഭവത്തില്‍ എസ്‌എഫ്‌ഐ , ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനിടെ പ്രതികളെ പിടികൂടാതിരിക്കാന്‍ പൊലീസ് ഒത്തു കളിക്കുന്നുവെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലെ തര്‍ക്കത്തെത്തുടര്‍ന്ന് സിപിഎം ബന്ധം ഉപേക്ഷിച്ച നേതാവിന്റെ മകളായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണു പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ മാഗസിന്‍ എഡിറ്ററായ എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റിയംഗം സജിന്‍ സാജന്‍, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അലന്‍ സോണി എന്നിവര്‍ക്കെതിരെയാണു കേസ്. അലന്‍ സോണി അയച്ചു തന്നതാണെന്നു പറഞ്ഞ് സജിന്‍ സാജന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു സംസാരിച്ചശേഷം അശ്ലീല വിഡിയോയും ഓഡിയോ സന്ദേശവും ഫോര്‍വേഡ് ചെയ്യുകയായിരുന്നു. പരാതിയുമായി പോയാല്‍ ഇതില്‍ കൂടുതല്‍ ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും അശ്ലീല വിഡിയോ അയച്ചുകിട്ടിയ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെങ്കിലും തുടരന്വേഷണം നിലച്ചു. പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നേടാന്‍ സാവകാശം നല്‍കുകയാണു പൊലീസ് എന്നാണ് ആരോപണം.

എസ്‌എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന പെണ്‍കുട്ടി, പിതാവ് പാര്‍ട്ടി വിട്ടതോടെ സംഘടനയുമായി അകന്നുനില്‍ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കം ജാഥയുടെ ഒപ്പു ശേഖരണത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ എസ്‌എഫ്‌ഐക്കാര്‍ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ വിഡിയോയും പ്രചരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *