ജമ്മു: കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയാണ് പാകിസ്താന്റെ കരാർ ലംഘന കണക്കുകൾ പുറത്തു വിട്ടു , കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 834 തവണ. രാജ്യാന്തര അതിര്‍ത്തിക്കും നിയന്ത്രണരേഖയ്ക്കും സമീപമുള്ള പ്രദേശങ്ങളിലേക്ക് നടത്തിയ വെടിവെപ്പില്‍ 97 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 383 പേര്‍ക്ക് പരിക്കേറ്റു. മരിച്ച ഇന്ത്യക്കാരില്‍ 41 സാധാരണക്കാരും 56 സുരക്ഷാ സൈനികരും ഉള്‍പ്പെടുന്നുവെന്നും നിയമസഭയെ അറിയിച്ചു.
2017 ല്‍ 379 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. 2016 ല്‍ 233 തവണയും 2015 ല്‍ 222 തവണയും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവെപ്പില്‍ പരിക്കേറ്റവരില്‍ 233 പേര്‍ സാധാരണക്കാരും 150 പേര്‍ സുരക്ഷാ സൈനികരുമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി അവര്‍ സഭയെ അറിയിച്ചു.
കശ്മീരിലെ പൂഞ്ച്, രജൗറി ജില്ലകളില്‍ ഞായറാഴ്ച നടന്ന വെടിവെപ്പില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. 15 കാരിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്ന പാകിസ്താന്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.