ന്യൂഡല്‍ഹി: രാംഗഢില്‍ ഗോമാംസം കൈവശംവെച്ചു എന്നാരോപിച്ച് ബി.ജെ.പി, എ.ബി.വി.പി പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന അലീമുദിനിന്റെ കേസില്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.
കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് നിത്യനാഥ് മഹാതോ ഉള്‍പ്പെടെ 11 ഗോരക്ഷഗുണ്ടകള് കുറ്റക്കാരണെന്ന് രാംഗഢ് വിചാരണ കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരായ നിത്യനാഥ് മഹാതോ, വിക്കി സോ, ശിഖേന്ദര് റാം, വിക്രം പ്രസാദ്, രാജു കുമാര്‍, രോഹിത് താക്കുര്‍, കപില്‍ താക്കുര്‍, ഉത്തം കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ബീഫ് കടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 നാണ് 55 കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷാഗുണ്ടകള്‍ അടിച്ച് കൊന്നത്.പശുവിെന്റ പേരില്‍ രാജ്യത്ത് നടന്ന ആക്രമണങ്ങളില്‍ ആദ്യമായി പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച കേസാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരക്ഷയുടെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന കൊലയെ തള്ളിപ്പറഞ്ഞ ഉടനെയാണ് ഇൗ ആക്രമണമെന്നതിനാല്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കേസിന് പ്രാധാന്യം നല്കി ഹൈകോടതിക്ക് അപേക്ഷ അയക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാറിെന്റ അപേക്ഷ പരിഗണിച്ച റാഞ്ചി ഹൈകോടതി അലീമുദ്ദീന്‍ കേസില്‍ തുടര്‍ച്ചയായ വിചാരണ നടത്താന്‍ ഉത്തരവിടുക മാത്രമല്ല, രാംഗഢ് കോടതി ജഡ്ജിയായിരുന്ന ഒാം പ്രകാശിനെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെ ഒാം പ്രകാശ് ജഡ്ജിയായ കോടതിക്ക് പ്രത്യേക അതിവേഗ കോടതിയുടെ പദവി കൈവരുകയും സെപ്റ്റംബറില്‍ തുടങ്ങിയ ഒാരോ ആഴ്ചയും ഒരു പ്രവൃത്തിദിവസംപോലും മുടങ്ങാതെ ജഡ്ജി വിചാരണ നടപടിയുമായി മുന്നോട്ടുപോകുകയും ചെയ്തത് .