പശുക്കടത്ത് ആരോപിച്ച് മുസ്ലീം യുവാവിനെ തല്ലിക്കൊന്ന അക്രമികളെ പിന്തുണച്ച് രാജസ്ഥാന് പോലീസ്. മര്‍ദ്ദനമേറ്റ രഖ്ബര്‍ ഖാനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചത് നാല് മണിക്കൂര്‍ വൈകി. ദേശീയ വാര്‍ത്താ ചാനലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് രഖ്ബര്‍ ഖാനെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയ പോലീസ് നാല് മണിക്കൂറിന് ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് ഇയാളില്‍ നിന്ന് പിടിച്ചെടുത്ത പശുക്കളെ ആദ്യം ഗോശാലയില്‍ എത്തിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ചായ കുടിക്കാനും പോലീസ് വാഹനം നിര്‍ത്തി. ശനിയാഴ്ച പുലര്‍ച്ചെ 12.41നാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ട വിവരം പോലീസ് അറിഞ്ഞത്. 1.20ന് സ്ഥലത്തെത്തിയ പോലീസ് യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചത് നാല് മണിക്കൂര്‍ വൈകി.അപ്പോഴേയ്ക്കും യുവാവ് മരിച്ചിരുന്നു.
ആല്‍വാര്‍ ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍ നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് രഖ്ബറിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്ത് അസ്ലം ഖാനൊപ്പമാണ് രഖ്ബര്‍ പശുവിനെ വാങ്ങി മടങ്ങിയത്. അസ്ലം ഖാന് രഖ്ബറിന്റെ ബൈക്കിലാണ് മടങ്ങി വന്നത്. രഖ്ബര്‍ പശുക്കളുമായി നടന്ന് വരികയായിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ മടങ്ങിയെത്തുന്നതിന് മുന്‍പ് ഗോസംരക്ഷണ ഗുണ്ടകള്‍ ഇരുവരേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഇതിനിടെ അസ്ലം ഖാന് സമീപത്തെ വയലിലേക്ക് ഓടിരക്ഷപെട്ടു. രഖ്ബര്‍ ഖാന് രക്ഷപെടാന്‍ കഴിഞ്ഞില്ല.
ഷീരകര്ഷകനായിരുന്നു കൊല്ലപ്പെട്ട രഖ്ബര്‍ ഖാന് പത്തോളം പശുക്കളെ വാങ്ങി തന്റെ ഷീര ഫാം വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു രഖ്ബര്‍ ഖാന്. നിലവില്‍ മൂന്ന് പശുക്കളുണ്ട്. കൂടുതല്‍ പശുക്കളെ വാങ്ങുന്നതിനായി സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വ്യാപകമായി പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഭാര്യയും ഏഴ് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രഖ്ബര്‍ ഖാന്.