കൊച്ചി: സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, പുസ്തകങ്ങളുടെ അച്ചടിയും വിതരണവും ഏറെക്കുറെ പൂര്‍ത്തിയായി. കാക്കനാട് ആസ്ഥാനമായുള്ള കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ ബി പി എസ്) ഇതിനോടകം അച്ചടിച്ചത് മൂന്ന് കോടി പാഠപുസ്തകങ്ങളാണ്. അച്ചടിയും ബൈന്‍ഡിംഗും പൂര്‍ത്തീകരിച്ച 75 ശതമാനം പാഠപുസ്തകങ്ങളുടെ വിതരണവും പൂര്‍ത്തിയായി. നാലരമാസത്തെ കഠിന യത്നത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12,000 സ്കൂളുകളിലേക്കുള്ള 3.25 കോടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് ഈ അധ്യയന വര്‍ഷം കെ ബി പി എസിനെ വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള പുസ്തകങ്ങളുടെ അച്ചടിയും വിതരണവും ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ കടുത്ത പ്രതിസന്ധികള്‍ക്കിടയിലാണ് കെ ബി പി എസ് അഭിമാനാര്‍ഹമായ ഈ നേട്ടം കൈവരിച്ചത്.
അച്ചടിക്കാവശ്യമായ പണം സര്‍ക്കാര്‍ നല്കാന് വൈകിയതും കെ ബി പി എസിനുള്ളില്‍ കടലാസ് മാലിന്യം നിറഞ്ഞതും തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമെല്ലാം അച്ചടി ജോലിയില്‍ വെല്ലുവിളിയായിരുന്നു. ഇതിനിടയില്‍ അച്ചടിക്കാനാവശ്യമായ ന്യൂസ് പ്രിന്റ് നല്കാന് കരാറെടുത്ത കമ്ബനികള്‍ ഒത്തുകളിച്ചതു മൂലം പേപ്പര്‍ കിട്ടാനും വൈകി. അടുത്ത വര്‍ഷവും ഇതേരീതിയില്‍ പാഠപുസ്തക അച്ചടി കെ ബി പി എസിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാനും എം ഡിയുമായ കെ കാര്‍ത്തിക് വ്യക്തമാക്കി.
സംസ്ഥാനത്തെ 14 ജില്ലകളിലും പാഠപുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം നടത്താനുള്ള ഹബ്ബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് അഞ്ച് സ്കൂളുകള്‍ ഉള്‍പ്പെടുന്ന സൊസൈറ്റികളിലേക്ക് വിതരണം നടത്തുന്നത്. 3,311 സ്കൂള്‍ സൈാസൈറ്റികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. അണ്‍എയ്ഡഡ് സ്കൂളുകളിലേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്ന് സ്കൂളുകള്‍ക്ക് ലഭിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.