കന്യാകുമാരിക്കു തെക്കും ശ്രീലങ്കക്കു പടിഞ്ഞാറുമായി ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദം ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്നു ബുധനാഴ്ച വരെ തെക്കന്‍ തീരത്തു ശക്തമായ കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്നു ദുരന്ത നിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടവും മുന്നറിയിപ്പു നല്കി.
അടുത്ത 48 മണിക്കൂറില്‍ വടക്കു പടിഞ്ഞാറന്‍ ദിശയിലേക്കു സഞ്ചരിക്കും. നേരത്തെ ഇതു പടിഞ്ഞാറന്‍ ഭാഗത്തേയ്ക്കു നീങ്ങുന്നുവെന്നായിരുന്നു അറിയിച്ചിരുന്നത്. കടലിനുള്ളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെയാകും. കോഴിക്കോടുവരെയുള്ള തീരപ്രദേശത്ത് 3.2 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുള്ളതായി ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) മുന്നറിയിപ്പു നല്കി.
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണു നിര്‍ദേശം. തമിഴ്നാടിന്റെ തീരപ്രദേശമായ കുളച്ചല്‍ മുതല്‍ കിഴക്കര വരെയുമുള്ള മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്കിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളവര്‍ മത്സ്യബന്ധനത്തിനു പോകാറുള്ള ലക്ഷദ്വീപ്, കന്യാകുമാരി മേഖലയിലെ കടല്‍ പ്രദേശങ്ങളും ന്യൂനമര്‍ദത്തിന്റെ സ്വാധീന മേഖലയില്‍ ഉള്‍പ്പെടും. ന്യൂനമര്‍ദം രൂപപ്പെട്ട ശ്രീലങ്കന്‍, കന്യാകുമാരി പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നതായും അവര്‍ അറിയിച്ചു.