നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ വഴിത്തിരിവ്; ലേഖയുടെ ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

home-slider kerala local

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്.

സംഭവത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെയും മകളുടെയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് വ്യക്തമാക്കുന്ന ലേഖയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി.

വീട് ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തു.

വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം.

ഭര്‍ത്താവിന്റെ മാതാവ് കൃഷ്ണമ്മ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

വീട് ജപ്തി ചെയ്യാനിരിക്കുകയാണെന്ന് അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി തല്‍ക്ഷണവും ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *