ന്യുഡല്‍ഹി: രാജ്യത്ത് ദയാവധത്തിന് സുപ്രീം കോടതി അനുമതി നല്‍കി. കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെയുള്ള ‘നിഷ്ക്രീയ ദയാവധം'(passive euthanasia). ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളവരും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ മാത്രം ജീവന്‍ പിടിച്ചുനിര്‍ത്തുന്നവര്‍ക്കുമാണ് ദയാവധത്തിന് അനുമതി ലഭിക്കുക.
രാജ്യത്ത് ദയാവധം അനുവദിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് അവയെല്ലാം തള്ളുകയായിരുന്നു കോടതി . എന്നാല്‍ ‘കോമണ്‍ കോസ്’ എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഒടുവില്‍ കോടതി അന്തിമ തീരുമാനമെടുത്തത്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരം അന്തസ്സോടെ ജീവിക്കാന്‍ അവകാശം ഉള്ളതുപോലെ അന്തസ്സോടെ മരിക്കാനും അവകാശമുണ്ടെന്നും അത് മൗലികാവകാശമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് വിധി നിലവിൽ വന്നിരിക്കുന്നത്. രോഗം മൂലമോ മറ്റോ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ല എന്നുറപ്പുള്ള ഒരാള്‍ക്ക് താന്‍ ആരോഗ്യമുള്ള സമയത്ത് മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന മരണപത്രത്തിലൂടെ ദയാവധം അനുവദിക്കാം.
മരണപത്രം തയ്യാറാക്കിയ വ്യക്തിയുടെ അടുത്ത ബന്ധുവിനാണ് ഇതിനായി ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ അവകാശമുള്ളത്. ഇയാളുടെ അപേക്ഷ പ്രകാരം ഹൈക്കോടതി കാര്യങ്ങള്‍ പരിശോധിക്കാന്‍ ആ സ്ഥലത്തെ ജില്ലാ മജിസ്ട്രേറ്റിനോട് നിര്‍ദേശിക്കും. അപേക്ഷ സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ശേഷം ജില്ലാ മജിസ്ട്രേറ്റ് ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കും. മെഡിക്കല്‍ ബോര്‍ഡാണ് ആ വ്യക്തിക്ക് മരിക്കാനുള്ള അവകാശമുണ്ടോയെന്ന പരിശോധിച്ച് തീരുമാനമെടുക്കുക.
ഇത്തരം മരണങ്ങളെ സ്വാഭാവിക മരണമായി കണക്കാക്കും. എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ദയാവധ അപേക്ഷകളില്‍ അനുമതി നല്‍കാനുള്ള സമിതികള്‍ രൂപീകരിക്കണം. തെറ്റായ വിവരം നല്‍കുകയോ വ്യാജരേഖ ഉണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിന തടവും 20 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും നല്‍കും.