നിപ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയത്. ആദ്യം രോഗം ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയിൽ നിന്നും വന്നത് രോഗലക്ഷണങ്ങളോടെ ; വൈറസ് പടർന്നത് ഇങ്ങനെ ? ;

home-slider kerala

കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയതെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന.  സാബിത്ത് നാട്ടിലെത്തിയത് രോഗലക്ഷണങ്ങളോടെയാണെന്നും പരിസരവാസികള്‍ പറയുന്നു.

എഞ്ചിനീയര്‍ ആയ സാബിത് വിദേശത്തായിരുന്നു എന്നുമാത്രമാണ് നേരത്തെ പരിസരവാസികള്‍ക്ക് അറിയാമായിരുന്നത്. കുടുംബവുമായി നാട്ടുകാര്‍ക്ക്  അധികം ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുമായിരുന്നില്ല. നിപ  നാടിന് മുഴുവന്‍ ഭീഷണിയായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

മലേഷ്യയിലായിരുന്ന സാബിത് അവിടെ വച്ച് രോഗബാധിതനായി. പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയില്‍ ചികിത്സ തേടി. താത്കാലിക മരുന്ന് നല്‍കിയശേഷം എത്രയും വേഗം നാട്ടിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാട്ടിലെത്തിയ സാബിത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിയില്‍ ചികിത്സ തേടി. രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ദിവസങ്ങള്‍ കഴിഞ്ഞതോടെ സഹോദരന്‍ സ്വാലിഹില്‍ രോഗലക്ഷണം കണ്ടു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാലിഹിന്റെ രക്തപരിശോധനയിലാണ് നിപ സാന്നിധ്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്വാലിഹിന്റെ അച്ഛന്‍ മൂസയ്ക്കും മൂസയുടെ മൂത്ത സഹോദരന്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയത്തിനും രോഗം ബാധിച്ചു. സ്വാലിഹും മറിയവും മരിച്ചു. മൂസ ഇന്നലെ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചവരില്‍ ശേഷിക്കുന്നവരെല്ലാം പേരാമ്പ്ര താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ വച്ച് ഇവരുമായി ബന്ധപ്പെട്ടവരാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനി മെഡിക്കല്‍കോളേജില്‍ സാബിത്ത് ചികിത്സയിലുണ്ടായിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ മറ്റാര്‍ക്കും രോഗബാധ ഉള്ളതായി വിവരമില്ല. നിരവധിപേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ആരിലും രോഗലക്ഷണം കണ്ടെത്താനായില്ല. ഇതാണ് നാട്ടുകാരില്‍ സംശയം ബലപ്പെടുത്തുന്നത്.

ക്ലാസുകള്‍ക്ക് നിയന്ത്രണം; പൊതുപരിപാടികള്‍ വിലക്കി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ മേയ് 31 വരെ ട്യൂഷനുകള്‍, ട്രെയിനിംഗ് ക്ലാസ്സുകള്‍ എന്നിവയ്ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി. മേയ് 31 വരെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, മറ്റു പരിപാടികള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഉന്നതതല യോഗ തീരുമാന പ്രകാരം കളക്ടര്‍ യു.വി. ജോസ് ഉത്തരവിട്ടു.

പോലീസ് പരീക്ഷ മാറ്റി

തിരുവനന്തപുരം: ഈ മാസം  26 ന് പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ / വനിതാ സിവില്‍ പോലീസ് ഓഫീസര്‍  പരീക്ഷ മാറ്റി വച്ചു. നിപ  ബാധയെ തുടര്‍ന്ന് മെയ് 31 വരെ   കോഴിക്കോട് ജില്ലയില്‍ നടത്താനിരുന്ന പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനാലാണിത്.

പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയില്‍ മാത്രം അന്‍പതിനായിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍  ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.  എല്ലാ ജില്ലകളിലും ഒരേ ദിവസം പരീക്ഷ നടത്താനാണ് പിഎസ്‌സി തീരുമാനിച്ചിരുന്നത്.  5,25,352 പേരാണ് രണ്ടു പരീക്ഷകളും എഴുതാനുള്ള സമ്മതപത്രം  നല്‍കിയത്. ഇതില്‍ തന്നെ 4,65,352 പേര്‍ മാത്രമാണ് ഇതുവരെ ഹാള്‍ടിക്കറ്റ്  വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തത്.  പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *