കല്‍പ്പറ്റ: വയനാട്ടിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ അഞ്ച് വരെ അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. നിപ്പ വൈറസ് ബാധ മുന്‍കരുതലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം വയനാട്ടിലും നടപ്പിലാക്കുമെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച ശുപാര്‍ശ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നല്കി. ഉത്തരവ് ഇന്നുണ്ടായേക്കും.
കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന ആശങ്ക സംസ്ഥാന ആരോഗ്യവകുപ്പ് പങ്കുവെച്ചതിനു പിന്നാലെയാണ് അതിര്‍ത്തി ജില്ലയായ വയനാട്ടിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നത്.
നിപ്പ ബാധ സംശയിക്കുന്നവരുടെ പട്ടികയില്‍ വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരാണ് ഉള്ളത്. ഇതില്‍ ഒരാളുടെ രക്തപരിശോധനഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വീണ്ടും പനി ബാധിച്ചതിനെ തുടര്‍ന്ന് വീണ്ടും രക്തപരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ തീരുമാനം. ജില്ലയില്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കൂടുതല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.