പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ സംസ്ഥാനത്ത് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അല്‍പ സമയത്തിനുള്ളില്‍ തന്നെ ഈ ഹര്‍ത്താല്‍ പിന്‍വലിച്ചതായും വാര്‍ത്തകള്‍ പരന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഹര്‍ത്താല്‍ പിന്‍വലിക്കുന്നുവെന്നും പകരം സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നുമാണ് എസ്.ഡിപി.ഐ നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചതായാണ് എസ്.ഡി.പി.ഐ നേതൃത്വം അറിയിച്ചത്. പകരം കരിദിനം ആചരിക്കാനാണ് തീരുമാനം.
അതേസമയം, ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ ഒരു വിഭാഗം ആളുകളുടേതാണെന്നുമാണ് ചില എസ്.ഡി.പി.ഐ നേതാക്കളുടെ വിശദീകരണം. നേതാക്കളെ പിടികൂടിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും അവരെ വിട്ടയച്ചതിനാല്‍ ഇനി ഹര്‍ത്താല്‍ ആവശ്യമില്ലെന്നുമാണ് ഒരു വിഭാഗം എസ്.ഡി.പി.ഐക്കാരുടെ നിലപാട്. എന്നാല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനായി ഹര്‍ത്താല്‍ നടത്തണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗം ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഹര്‍ത്താല്‍ സംബന്ധിച്ച് എസ്.ഡി.പി.ഐ നേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തതായാണ് സൂചന.