നാല് ടി20 സെഞ്ച്വറികള്‍: ‘വെടിക്കെട്ടു’കാരനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

sports

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധിയില്‍ പ്രവേശിക്കുന്ന ജോസ് ബട്ട്‌ലര്‍ക്ക് പകരക്കാരനായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത് ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ഫിലിപ്പിനെ. ആദ്യമായാണ് ഐ.പി.എല്ലില്‍ കളിക്കാനെത്തുന്ന് എങ്കിലും ടി20യില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡിന് ഉടമയാണ് ഫിലിപ്പ്. 25 ടി20 മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിന് വേണ്ടി കളിച്ചിട്ടുണ്ട് ഫിലിപ്പ്. ഒരു ടെസ്റ്റും. എന്നാല്‍ ഏകദിനങ്ങളില്‍ ഇതുവരെ അരങ്ങേറിയിട്ടില്ല.

108 റണ്‍സാണ് അന്താരാഷ്ട്ര ടി20യിലെ ഫിലിപ്പിന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. വിവിധ ടി20 ലീഗുകളില്‍ താരം കളിച്ചിട്ടുണ്ട്. ടി20യില്‍ ആകെ നാല് സെഞ്ച്വറികളാണ്(അന്താരാഷ്ട്ര ക്രിക്കറ്റിലേതുള്‍പ്പെടെ) ഫിലിപ്പിന്റെ അക്കൗണ്ടിലുള്ളത്. വിവിധ ലീഗുകളിലായി 134 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 149.70 ആണ് അന്താരാഷ്ട്ര ടി20യിലെ സ്‌ട്രൈക്ക് റൈറ്റ്. കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമായ ബാര്‍ബഡോസ് റോയല്‍ അംഗമാണ് ഫിലിപ്പ്.

അടുത്ത ആഴ്ചയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരെ 46 പന്തില്‍ സെഞ്ച്വറി നേടിയാണ് ഫിലിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചത്. ഒരു ന്യൂസിലാന്‍ഡുകാരന്റെ വേഗമേറിയ സെഞ്ച്വറിയുടെ ഉടമയാകാനും ഈ ഇന്നിങ്‌സിലൂടെ ഫിലിപ്പിനായി. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. സെപ്തംബറില്‍ യുഎഇയിലാണ് ബാക്കി മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്കും ജോഫ്രെ ആര്‍ച്ചറും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചിരുന്നു. ഇരുവരും രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ്.

നിലവിലെ പോയിന്റ് പട്ടിക പ്രകാരം അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. അതേസമയം ശ്രീലങ്കന്‍ സ്പിന്നര്‍ വാനിഡു ഹസരങ്ക, ഫാസ്റ്റ് ബൗളര്‍ ദുശ്മന്ത ചമീര, സിംഗപ്പൂര്‍ ടീം അംഗം ടിം ഡേവിഡ് എന്നിവരെ കോലിയുടെ ബംഗളൂരു ടീമിലെത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *