നാലംഗ സംഘത്തിന്റെ ക്രൂരത; മരണം ഉറപ്പിക്കും വരെ റേഡിയോ ജോക്കിയെ വെട്ടിനുറുക്കി ;രാജേഷിന്റെ മരണത്തില്‍ വിതുമ്പി കളിമാനൂരിലെ മടവൂര്‍ ഗ്രാമം

home-slider news

ആറ്റിങ്ങലിലെ പള്ളിക്കലിന് അടുത്ത മുള്ളനെല്ലൂര്‍ ക്ഷേത്രത്തിലായിരുന്നു ഇന്നലെ രാത്രി റേഡിയോ ജോക്കി കൂടിയായ രാജേഷ് നാടൻ പാട്ട് അവതരിപ്പിച്ചത് . അറിയപ്പെടുന്ന ഗാകയന്‍ കൂടിയായ രാജേഷിന്റെ പരിപാടി അവസാനിച്ചതിന് ശേഷം സ്വന്തം സ്റ്റുഡിയോയില്‍ രാജേഷും കൂട്ടുകാരനും എത്തി .തുടർന്നുണ്ടായ ആക്രമണം അപ്രതീക്ഷിതമായിട്ടായിരുന്നു . രാജേഷിനെ മരണം ഉറപ്പാകും വരെ നാലംഗ സംഘം വെട്ടിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന.കൊലയ്ക്ക് പിന്നിലെ കാരണം അജ്ഞാതമാണെന്നും പോലീസ് പറഞ്ഞു.

ക്ഷേത്രോല്‍സവത്തിനിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പരിപാടിക്കിടെയുള്ള തര്‍ക്കമല്ല കൊലപാതക കാരണമെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ രാജേഷിന് ക്ഷേത്രത്തില്‍ പ്രോഗ്രാം ഉണ്ടെന്ന തിരിച്ചറിവില്‍ ആസൂത്രണം ചെയ്തതാണ് കൊലയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സാമ്പത്തിക പ്രശ്‍നം മൂലമുള്ള വ്യക്തിവൈരാഗ്യമാണോ ഈ കൊലക്കുപിന്നിലുള്ള കാരണമെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. രാജേഷിന് രാഷ്ട്രീയമായി പ്രത്യക്ഷത്തില്‍ ചായ് വുകളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. സ്ത്രീ സംബന്ധമായ വിഷയങ്ങളിലേക്കും അന്വേഷണം നീട്ടും. ഇത്തരത്തിലെ പ്രശ്‌നങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകനാകാനുള്ള താല്‍പ്പര്യത്തോടെയാണ് രാജേഷ് റേഡിയോ ജോക്കിയാകുന്നത്. റെഡ് എഫ് എമ്മിലായിരുന്നു ആദ്യമായി ജോക്കിയാകുന്നത്. അതിന് ശേഷം ഗള്‍ഫിലേക്ക് മാറി. വോയിസ് ഓഫ് കേരളയായിരുന്നു രാജേഷിന്റെ തട്ടകം. അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷം വിവിധ പ്രാദേശി ടിവി ചാനലുകള്‍ക്കും മറ്റും പരിപാടികള്‍ അവതരിപ്പിച്ചു. ഗാനമേളകളിലും നാടന്‍ പാട്ടിലും സജീവമായി. അവതാരകരന്റെ റോളിലും ക്ഷേത്രോല്‍സവത്തില്‍ സ്ഥിര സാന്നിധ്യമായി. ഇതിനൊപ്പം സ്വന്തമായി സ്റ്റുഡിയോയും തുടങ്ങി. അടുത്തിടെയായിരുന്നു ഇത്. മടവൂരില്‍ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു രാജേഷ്.

കാറിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്. ആറ്റിങ്ങല്‍ മടവൂരില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം സ്റ്റുഡിയോയില്‍ കയറിയാണ് ഇരുവര്‍ക്കും നേരെ ആക്രമണം നടത്തിയത്.പരിക്കേറ്റ് ഓടി രക്ഷപ്പെട്ട കുട്ടന്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി രാജേഷിനെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *