‘നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ട; ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുക ലക്ഷ്യം; പ്രശ്‌നം വഷളാകാതെ നോക്കണമെന്ന് വി ഡി സതീശന്‍

politics

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്നും ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളര്‍ത്തരുത്. കുഴപ്പം ഉണ്ടാക്കാന്‍ മാത്രമായി വന്നിരിക്കുന്ന ചില ആളുകള്‍ക്ക് അവസരം നല്‍കരുതെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ സമുദായ സംഘര്‍ഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നന്നല്ലെന്ന് വിശദീകരിച്ച സതീശന്‍ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിര്‍ദ്ദേശിച്ചു.

സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാന്‍ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. അതിലേക്ക് പോകാതെ അവസാനിപ്പിക്കാന്‍ ശ്രമിക്കണം. പരാതിയുണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കുകയും സര്‍ക്കാര്‍ പ്രശ്‌നപരിഹാര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെയും സമാനമായ പ്രതികരണമാണ് വിഡി സതീശന്‍ നടത്തിയിരുന്നത്. നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പരാമര്‍ശം അതിരുകടന്നതാണെന്നും മതമേലധ്യക്ഷന്മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *