നാരായണഗുരുവിനേയും ചട്ടമ്പിസ്വാമിയേയും അവഹേളിച്ചു; എഴുത്ത് ‘ഭ്രാന്തിന് ചികിത്സ’യെന്ന് ഹരീഷ്.

home-slider indian kerala news politics
”കഥാപാത്രം പറയുന്നത് എന്നുള്ള ജാമ്യത്തെ ഹരീഷിന്റെ മുന്‍കാലകഥകളുടെ രചനാരീതിതന്നെ റദ്ദു ചെയ്യുന്നു. അതുകൊണ്ടുതന്നെ മീശയിലെ പരാമര്‍ശങ്ങള്‍ ഹരീഷിന്റെതന്നെ ഉത്തരവാദിത്തത്തില്‍ ഉള്ളതാണ്. മീശഇപ്പോഴിങ്ങനെ വിവാദമായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഭാവിയില്‍ അതേ ആശയങ്ങളില്‍ കൂടുതല്‍ നിന്ദാപരാമര്‍ശങ്ങള്‍ ഉതിരുന്ന നാവുകളുമായി പുതിയ കഥാപാത്രങ്ങളും കഥകളും സൃഷ്ടിക്കപ്പെടുമായിരുന്നു.”
 
 

കൊച്ചി: ‘മീശ’ എഴുത്തുകാരന്‍ ഹരീഷിന്റെ മുന്‍കഥകളിലും എഴുത്തുവൈകല്യങ്ങളേറെയുണ്ടായിരുന്നു. രസവിദ്യയുടെ ചരിത്രം എന്ന കഥയില്‍ തൈക്കാട്ട് അയ്യാ ഗുരു, നാരായണഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിവരെയാണ് അവഹേളിക്കുന്നത്. എന്നാല്‍, തനിക്ക് മനോവിഭ്രാന്തിയുണ്ടാകാറുണ്ടെന്ന മുന്‍കൂര്‍ ജാമ്യവുമായാണ് ഹരീഷ് മീശ നോവല്‍ പുറത്തിറക്കിയിരിക്കുന്നത്.

രസവിദ്യയുടെ ചരിത്രം എന്ന കഥ 2003 ലാണ് പ്രസിദ്ധീകരിച്ചത്. ഈ കഥ 2013 -ല്‍ മലയാളം വാരിക പുനഃപ്രസിദ്ധീകരിച്ചു. അതിലാണ് ആത്മീയ നായകരെ സാമ്യമുള്ള പേരിട്ട കഥാപാത്രങ്ങളിലൂടെ അവഹേളിക്കുന്നത്. തിരുവിതാംകോട് അയ്യാസ്വാമി (തൈക്കാട്ട് അയ്യാഗുരു) ശിഷ്യന്മാരായ നാണുവും ചട്ടമ്പിയും (നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും) ആണ് കഥാപാത്രങ്ങള്‍. കഥയിലെ ഒരു ഭാഗം ഇങ്ങനെ:

”അകാലത്തില്‍ ജീവിക്കുന്നവരെന്നു തോന്നിക്കുന്ന രണ്ടു വിചിത്ര സ്വഭാവികളായ ശിഷ്യന്മാര്‍ -നാണുവും ചട്ടമ്പിയും -അയാളോടൊപ്പം സദാനേരവുമുണ്ട്. ആസനങ്ങളും പ്രാണായാമവും പഠിക്കുകയാണവര്‍. നാണു ഈഴവനും അപരന്‍ നായരുമാണ്.(തെങ്ങില്‍ നിന്നും കള്ള് എന്ന പാനീയം ചെത്തിയെടുക്കുന്ന ജാതിയാണ് ഈഴവര്‍. ഇത് നമ്മുടെ ബ്രാണ്ടിയോളം സുഖകരമല്ല). ഈ ജാതിക്കാര്‍ ഒരുമിച്ചു താമസിക്കുന്നത് തിരുവിതാംകോട് സുഖകരമല്ലാത്ത കാര്യമായതു കൊണ്ടു തന്നെ അവരെ സംശയിക്കേണ്ടതുണ്ട്. ചട്ടമ്പി ഒരു ഇരട്ടച്ചാരനായിരുന്നെന്നാണ് ഇപ്പോഴുമെന്റെ വിശ്വാസം. ഇംഗ്ലീഷുകാര്‍ക്കു വേണ്ടിയും തിരുവിതാംകോട് രാജാവിന് വേണ്ടിയും ഒരേ സമയം അയാള്‍ ആല്‍ക്കെമി രഹസ്യങ്ങള്‍ ചോര്‍ത്തി ക്കൊടുത്തിരുന്നു. ചോളാ ഭാഷയിലും ഗ്രന്ഥങ്ങളിലും അതീവ താത്പര്യം കാണിച്ചിരുന്ന നാണു, ചട്ടമ്പിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനെന്തിയ മറ്റൊരു ഇംഗ്ലീഷ് ചാരനായിരുന്നിരിക്കണം.”ഇങ്ങനെയാണ് കഥയുടെ പോക്ക്.

രസവിദ്യയുടെ ചരിത്രം (2003), മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ(2016), ലാറ്റിനമേരിക്കന്‍ ലാബ്രിന്ത് (2005), ആദം (2014) എന്നീ കഥകള്‍ വിശകലനം ചെയ്ത് രഞ്ജിത്.ജി. കാഞ്ഞിരത്തിങ്കല്‍ ഇങ്ങനെ അഭിപ്രായപ്പൊടുന്നു:

”കഥാപാത്രം പറയുന്നത് എന്നുള്ള ജാമ്യത്തെ ഹരീഷിന്റെ മുന്‍കാലകഥകളുടെ രചനാരീതിതന്നെ റദ്ദു ചെയ്യുന്നു. അതുകൊണ്ടുതന്നെ മീശയിലെ പരാമര്‍ശങ്ങള്‍ ഹരീഷിന്റെതന്നെ ഉത്തരവാദിത്തത്തില്‍ ഉള്ളതാണ്. മീശഇപ്പോഴിങ്ങനെ വിവാദമായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഭാവിയില്‍ അതേ ആശയങ്ങളില്‍ കൂടുതല്‍ നിന്ദാപരാമര്‍ശങ്ങള്‍ ഉതിരുന്ന നാവുകളുമായി പുതിയ കഥാപാത്രങ്ങളും കഥകളും സൃഷ്ടിക്കപ്പെടുമായിരുന്നു.”

എന്നാല്‍, കഥാകാരന്‍ മീശ നോവലിന്റെ ആമുഖത്തില്‍ ഇങ്ങനെ വിചിത്രവാദം ഉയര്‍ത്തുന്നു: ”…മനുഷ്യരുടെ വിചിത്ര കഥകള്‍ കേള്‍ക്കുമ്പോഴും അറ്റമില്ലാത്ത പാടങ്ങള്‍ കാണുമ്പോഴും അല്‍പ്പം ഭ്രാന്തായിപ്പോകുന്ന അവസ്ഥയുണ്ട് ഈയുള്ളവന്. അതിനുള്ള ചികിത്സയുടെ ഭാഗമായിരുന്നു ഈ നോവലിന്റെ എഴുത്ത്…. ഇതിലൊരു കഥയും ഞാനുണ്ടാക്കിയതല്ല, മറ്റുള്ളവര്‍ തന്നതാണ്….” എഴുതിയതിനെയെല്ലാം ന്യായീകരിച്ചും വിമര്‍ശകരെ പുച്ഛിച്ചുമാണ് ഈ അവതാരിക.

കൊടും കൊലപാതകികള്‍ മാനസികരോഗി ചമഞ്ഞ് കേസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന തന്ത്രമാണ് ഈ അവതാരികയിലെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *