ഇന്ത്യയിലെ യുവജനങ്ങളോട‌് കൊടിയ വഞ്ചനയാണ‌് നരേന്ദ്രമോഡി സര്‍ക്കാര്‍ കാണിക്കുന്നതെന്ന‌് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം . ഡിഎൈഎഫ‌്‌ഐ സംഘടിപ്പിച്ച യുവജനമുന്നേറ്റത്തിന്റെ ഭാഗമായി എറണാകുളം പാലാരിവട്ടത്ത‌് ബിഎസ‌്‌എന്‍എല്‍ ഓഫീസ‌് ഉപരോധം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ നിന്നും :-
രണ്ട‌് കോടി യുവജനങ്ങള്‍ക്ക‌് തൊഴില്‍ വാഗ‌്ദാനം ചെയ‌്താണ‌് ബിജെപി അധികാരത്തില്‍ എത്തിയത‌്. തെരഞ്ഞെടുപ്പ‌് പ്രചാരവേലയുടെ ഭാഗമായി സോഷ്യല്‍ മീഡിയ വഴി ഇത‌് പ്രചരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. അരാഷ‌്ട്രീയ വാദികളായ ഒരുപറ്റം ചെറുപ്പക്കാരെ ഇത‌് സ്വാധീനിച്ചതിനാലാണ‌് ബിജെപിക്ക‌് വിജയിക്കാനായത‌്. മാത്രമല്ല കുത്തക മാധ്യമങ്ങളും ഇൗ പ്രചാരവേല ഏറ്റെടുത്തു. മോദിയെ വികസന നായകന്‍ എന്ന പരിവേഷം ഉയര്‍ത്തി കാട്ടിയാണ‌് അവര്‍ പ്രചരിപ്പിച്ചത‌്. ഇതിനായി അവര്‍ ഗുജറാത്ത‌് മോഡല്‍ വികസനം എന്ന‌് വ്യാജ പ്രചാരണം നടത്തി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗുജറാത്തില്‍ സംഭവിച്ചത‌് കുത്തക മാധ്യമങ്ങള്‍ മറച്ചുവെയ‌്ക്കുകയും ചെയ‌്തു. റിലയന്‍സ‌് ഗുജറാത്തില്‍ ആരംഭിച്ച റിഫൈനറിയും ടാറ്റാ സ്ഥാപിച്ച വ്യവസായവും ഈ പ്രചാരണത്തിന‌് വിരുദ്ധമായ കാര്യങ്ങളാണ‌് അവിടെ ചെയ‌്തത‌്. ഏറ്റവും ഉല്‍പ്പാദന ചെലവ‌് കുറഞ്ഞ ഇന്ത്യയില്‍ ശുദ്ധീകരിക്കുന്ന എണ്ണ വില്‍ക്കുന്നതിന‌് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ചെറിയ മുതല്‍ മുടക്കില്‍ റിലയന്‍സ‌് വന്‍ ലാഭം ഉ്ണ്ടാക്കിയെടുത്തു. ടാറ്റായുടെ വ്യവസായത്തിന‌് സൗജന്യമായി ഭൂമി നല്‍കിയപ്പോള്‍ എല്ലാ തൊഴില്‍ മര്യാദകളും അട്ടിമറിച്ച നിബന്ധനകള്‍ അതില്‍ എഴുതിച്ചേര്‍ത്തു. മിനിമം കൂലി നിയമം പാലിച്ചില്ല. ട്രേഡ‌് യൂണിയനുകള്‍ക്ക‌് പ്രവര്‍ത്തനം നിരോധിച്ചു. തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയാണ‌് മോദി വ്യവസായ വല്‍ക്കരണം എന്ന വികസനം നടപ്പാക്കിയതെന്ന വസ‌്തുത കുത്തക മാധ്യമങ്ങള്‍ മറച്ചുവെച്ചു. പട്ടിണികിടന്ന‌് ജനങ്ങള്‍ പോഷകാഹാര കുറവിനാല്‍ മരിച്ചതും കുത്തക മാധ്യമങ്ങള്‍ മറച്ചുവെച്ചു.
രണ്ടുകോടി തൊഴില്‍ വാഗ‌്ദാനം ചെയ‌്ത‌് അധികാരത്തില്‍ ഏറിയ സര്‍ക്കാര്‍ ആദ്യ വര്‍ഷം 1,50,000 തൊഴില്‍ അവസരങ്ങള്‍ മാത്രമാണ‌് സൃഷ‌്ടിച്ചത‌്. ഓരോ കൊല്ലവും അഭ്യസ്ഥ വിദ്യരായി പുറത്തിറങ്ങുന്നത‌് 1,30,000,00 പേരാണ‌്. അഭ്യസ്ഥ വിദ്യരല്ലാത്തവരുടെ കണക്ക‌് രേഖപ്പെടുത്തിയിട്ടില്ല. വളര്‍ച്ചാ നിരക്ക‌് വര്‍ധിച്ചു എന്ന‌് കണക്കുകള്‍ കൂട്ടി പറയുമ്ബോഴും പുതിയ തൊഴിലവസരങ്ങള്‍ സൃഷ‌്ടിക്കാന്‍ സര്‍ക്കാരിനായില്ല. കോണ്‍ഗ്രസ‌് സര്‍ക്കാന്‍ നടപ്പാക്കിയ നയങ്ങള്‍ കുറെക്കൂടി രൂക്ഷതയോടെ നടപ്പാക്കിയാണ‌് ബിജെപി സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിച്ചത‌്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ‌്ടിച്ചില്ലെന്ന‌് മാത്രമല്ല ഉണ്ടായിരുന്ന ലക്ഷക്കണക്കിന‌് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ‌്തു. ബിജെപി നടപ്പാക്കിയ നോട്ട‌് നിരോധനം, ജിഎസ‌്ടി എന്നിവ ലക്ഷക്കണക്കിന‌് തൊഴിവസരങ്ങള്‍ ഇല്ലാതാക്കിയതായും എളമരം കരിം പറഞ്ഞു.