നമിച്ചു ശങ്കർ അണ്ണാ ; രജനി vs അക്ഷയ് മാരകം ; 2.0 കണ്ടു അന്തം വിട്ടു പ്രേക്ഷകർ ; അഞ്ചിൽ അഞ്ചും മാർക്ക് നൽകി നിരൂപകർ ;

film news home-slider movies

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന വിളിപ്പേരുള്ള ശങ്കര്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ തന്റെ ചിത്രങ്ങളില്‍ പരീക്ഷിക്കാറുണ്ട്. ചിട്ടി എന്ന റോബോര്‍ട്ടിനേയും അതിനെ സൃഷ്ടിച്ച വസീഗരന്‍ എന്ന ശാസ്ത്രജ്ഞന്റേയും കഥ പറഞ്ഞ എന്തിരനും അത്തരത്തിലൊന്നായിരുന്നു. എന്തിരന് ശേഷം കാര്യമായ വിജയം അവകാശപ്പെടാന്‍ പിന്നാലെ എത്തിയ ശങ്കര്‍ ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ തുടര്‍ച്ച ഒരുങ്ങുന്നതായി 2015ലായിരുന്നു ആദ്യ പ്രഖ്യാപനം വന്നത്. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയായിരുന്നു ഇതിനെ ഏറ്റെടുത്തത്.

 

ചുരുക്കം: കാലിക പ്രസ്‌കതമായ പ്രമേയത്തിനൊപ്പം മികച്ച ദൃശ്യാനുഭം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണ് 2.0.

പൂര്‍ണമായും ത്രിഡി

പൂര്‍ണമായും ത്രിഡിയില്‍ ചിത്രീകരിച്ചിരിക്കുന്ന 2.0 ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമെന്ന റെക്കോര്‍ഡ് ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. ഒരു ത്രിഡി ചിത്രമെന്ന നിലയില്‍ മികച്ച ദൃശ്യാനുഭവം നല്‍കുന്ന ചിത്രത്തിലെ മുഖ്യ ആകര്‍ഷണം ശങ്കര്‍, രജനികാന്ത് എന്നീ പേരുകളാണ്. നായികയായി എമി ജാക്‌സണും വില്ലനായി അക്ഷയ്കുമാറും ഒപ്പം എആര്‍ റഹ്മാന്റെ സംഗീതവും ചേരുന്നതോടെ പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാനുള്ള പ്രഥമ ദൗത്യം ചിത്രം വിജയകരമായി പൂര്‍ത്തിയാക്കി.

ഹ്യൂമന്‍ ഫ്രണ്ട്‌ലി

2010ല്‍ ഡിസ്‌പോസ് ചെയ്യപ്പെട്ട ചിട്ടിയില്‍ നിന്നല്ല വസീഗരന്റെ പുതിയ കണ്ടെത്തലായ നിള എന്ന ഹ്യൂമന്‍ ഫ്രണ്ട്‌ലി റോബോര്‍ട്ടില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. നഗരത്തിലെ മൊബൈല്‍ ഫോണുകള്‍ ആകാശത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നതോടെ സര്‍ക്കാരും ജനങ്ങളും പരിഭ്രാന്തിയിലാകുന്നു. ഈ മൊബൈലുകളെല്ലാം ചേര്‍ന്ന് പക്ഷിയുടെ രൂപം പൂണ്ട് ജനജീവിതത്തെ ഭയപ്പെടുത്തുന്നു. പിന്നാലെ ടെലികോം മന്ത്രിയുള്‍പ്പെടെ നഗരത്തിലെ പ്രമുഖരും കൊല്ലപ്പെടുന്നതോടെ ഈ ദുഷ്ട ശക്തിയെ നിഗ്രഹിക്കാന്‍ ചിട്ടിയെ പുനരവതരിപ്പിക്കാന്‍ ഹോം മിനിസ്റ്റര്‍ വസീഗരനോട് ആവശ്യപ്പെടുന്നു. അവിടുന്നങ്ങോട്ട് പൂര്‍ണമായും പ്രേക്ഷകരെ ത്രസിപ്പിച്ച് ചിത്രം മുന്നോട്ട് പോകുകയാണ്.

വിഷയ സ്വീകരണത്തില്‍

വിഷയ സ്വീകരണത്തില്‍ ആദ്യകാല ശങ്കര്‍ ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് 2.0. സമൂഹത്തില്‍ നിന്നുമായിരുന്നു ശങ്കറിന്റെ ഹിറ്റ് ചിത്രങ്ങളായ ജെന്റില്‍മാന്‍, കാതലന്‍, മുതല്‍വന്‍, ഇന്ത്യന്‍, ശിവാജി തുടങ്ങിയ ചിത്രങ്ങള്‍ക്കുള്ള വിഷയങ്ങളെ കണ്ടെത്തിയത്. ഇക്കുറിയും അതേ വഴിയേ സഞ്ചരിക്കുകയാണ് ശങ്കര്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒഴിച്ചുകൂടാനാകാത്ത മാധ്യമമായി മാറിയ മൊബൈലും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് 2.0യുടെ പ്രമേയം.

രജനികാന്തിനോപ്പം

നാല് ഗെറ്റപ്പുകളിലെത്തുന്ന രജനികാന്തിനോപ്പം രണ്ട് ഗെറ്റപ്പിലെത്തുന്ന പക്ഷിരാജന്‍ എന്ന അക്ഷയ്കുമാര്‍ കഥാപാത്രവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. പക്ഷിരാജനെ സാധാരണ മനുഷ്യനായും വില്ലനായും അവതരിപ്പിക്കുമ്പോള്‍ ഒരുക്കിയ സ്‌പെഷ്യല്‍ മേക്കപ്പ് എഫക്ടുകള്‍ കൈയടി നേടുന്നു. ത്രിഡിയില്‍ പൂര്‍ണമായും ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നീരവ് ഷാ ആണ്. ശങ്കര്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ ആന്റണിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. എആര്‍ റഹ്മാന്റെ പശ്ചാത്തല സംഗീതത്തിന് ആദ്യമധ്യാന്തം ചിത്രത്തിന് ത്രില്ലിംഗ് മൂഡ് സമ്മാനിക്കുന്നു.

വിഷ്വല്‍

കേവലം വിഷ്വല്‍ ഗിമ്മിക്കില്‍ ഒതുങ്ങിപ്പോകാതെ ശക്തമായ ഒരു കഥയുടെ പിന്‍ബലത്തില്‍ എന്തിരനെ പുനരവതരിപ്പിച്ച ശങ്കര്‍ എന്ന സംവിധായകന്റെ ചിത്രമാണ് 2.0. ഹോളിവുഡ് നിലവാരത്തിലുള്ള മികച്ച ദൃശ്യാനുഭവം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ഒരുതരത്തിലും നിരാശരാക്കാത്ത ചിത്രമാണ് 2.0.

Leave a Reply

Your email address will not be published. Required fields are marked *