ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദി കൈയടക്കാനുള്ള വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷം ജേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചു. പാര്‍വതി, ഫഹദ് ഫാസില്‍, തിരക്കഥകൃത് സജീവ് പാഴൂര്‍ എന്നിവരുള്‍പ്പടെയുള്ള 68 പുരസ്കാര ജേതാക്കളാണ് ചടങ്ങ് ബഹിഷ്കരിച്ചത്. എന്നാല്‍ ഗായകന് യേശുദാസ്, സംവിധായകന് ജയരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങ് ബഹിഷ്കരിക്കില്ലെന്ന് യേശുദാസും ജയരാജും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിക്ക് നല്കിയ പരാതിയില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. വിവേചനത്തില്‍ പ്രതിഷേധിക്കാനാണ് ഒപ്പിട്ടതെന്നും യേശുദാസ് വ്യക്തമാക്കിയിരുന്നു.
രാഷ്ട്രപതി പുരസ്കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഫഹദ്, പാര്‍വതിയടക്കമുള്ള ജേതാക്കള്‍ രാവിലെ വ്യക്തമാക്കിയിരുന്നു. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച പരാതിയും ഇവര്‍ മന്ത്രാലയത്തിനു നല്കി. വിനോദ് ഖന്നക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്കാരം, മികച്ച നടന് റിദ്ദി സെന്‍, മികച്ച ഗായകന് യേശുദാസ്, മികച്ച സംവിധായകന് ജയരാജ്, മികച്ച സംഗീതസംവിധായകന് എ.ആര്. റഹ്മാന് തുടങ്ങി 11 പുരസ്കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനിയാണ് നല്‍കിയത്.