ദിലീപിന്റെ അറസ്റ്റിന് ഒരു വര്‍ഷം… തുടരന്വേഷണം ഇല്ല?

film news home-slider indian kerala local movies

2017 ജൂലായ് 10 ന് ആണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഒരു അറസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം.

എന്നാല്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം കേരളം ശരിക്കും മുള്‍മുനയില്‍ ആയിരുന്നു. ദിലീപിനെ കൂടാതെ സിനിമ മേഖലയിലെ പല പ്രമുഖരും അറസ്റ്റിലായേക്കും എന്ന് വാര്‍ത്തകള്‍ വന്നു. നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പോലീസ് പലതവണ ചോദ്യം ചെയ്തു. ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും ചോദ്യം ചെയ്തു.

കാവ്യയേയും നാദിര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്നും അന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. കേസില്‍ ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്തും എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും, പിന്നീട് ഒരു അന്വേഷണവും നടന്നിട്ടില്ല എന്നതാണ് വാസ്തവം.

2017 ഫെബ്രുവരി 17

2017 ഫെബ്രുവരി 17ന് വൈകുന്നേരും ആയിരുന്നു തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായ പീഡനങ്ങള്‍ക്കാണ് നടി ഇരയാക്കപ്പെട്ടത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ക്വട്ടേഷന്‍

ഇതൊരു ക്വട്ടേഷന്‍ ആണെന്ന് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയാണ് അതിന് പിന്നില്‍ എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും ദിവസങ്ങള്‍ക്കകം പള്‍സര്‍ സുനിയും കൂട്ടാളികളും പിടിയിലായി.

ദിലീപിന്റെ പേര്

സംഭവത്തിന്റെ തുടക്കം മുതലേ ദിലീപിന്റെ പേര് ഈ കേസുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ലിപീനെ ചോദ്യം ചെയ്തു എന്ന രീതിയില്‍ ആദ്യം വന്ന വാര്‍ത്തകള്‍ പോലീസും ദിലീപും നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്.

അഞ്ച് മാസത്തിനുള്ളില്‍

കേസില്‍ ആദ്യഘട്ട കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ തന്നെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാലരമാസം കൊണ്ട് എല്ലാം കലങ്ങി മറിഞ്ഞു. അപ്രതീക്ഷിതമായ നീക്കങ്ങള്‍ ആയിരുന്നു പിന്നീട് കണ്ടത്.

പള്‍സര്‍ സുനിയുടെ കത്ത്

പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. നാദിര്‍ഷ വഴി ആ കത്ത് ദിലീപിന് എത്തിക്കുകയായിരുന്നു. ജയിലില്‍ നിന്നുള്ള സുനിയുടെ സുഹൃത്ത് വഴി ആയിരുന്നു ഇത്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് ദിലീപ് പരാതിയും നല്‍കിയിരുന്നു.

ചോദ്യം ചെയ്യല്‍

ഈ വിവാദം ആളിക്കത്തിക്കൊണ്ടിരിക്കെ ആണ് ദിലീപിനെയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്യുന്നത്. 13 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലായിരുന്നു അത്. ആ ചോദ്യം ചെയ്യലിന് ശേഷവും ദിലീപ് വലിയ ആത്മവിശ്വാസത്തില്‍ തന്നെ ആയിരുന്നു.

ജൂലായ് 10

എന്നാല്‍ ജൂലായ് 10 ന് രാവിലെ പോലീസ് പിന്നേയും ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പിന്നീട് അറസ്റ്റ് ചെയ്തു. അന്ന് വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അറസ്റ്റ് വാര്‍ത്ത പുറത്ത് വന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ദിലീപിനെ കൊണ്ട് തെളിവെടുപ്പിനുള്ള യാത്രകളും കേരളം കണ്ടു.

ജാമ്യത്തിന് ശ്രമം

അറസ്റ്റിലായ ഉടന്‍ തന്നെ ദിലീപ് ജാമ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ആദ്യം അഡ്വ രാം കുമാര്‍ ആയിരുന്നു അഭിഭാഷകന്‍. പിന്നീട് ജാമ്യം ലഭിക്കാതെ വന്നപ്പോള്‍ രാംകുമാറിനെ മാറ്റി അഡ്വ രാമന്‍പിള്ളയെ നിയോഗിക്കുകയായിരുന്നു.

പ്രമുഖര്‍ സംശയത്തിന്റെ നിഴലില്‍

ദിലീപിന്റെ അറസ്റ്റിന് പിറകേ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്റെ മാനേജര്‍ ആയിരുന്ന അപ്പുണ്ണി കീഴടങ്ങുകയും ചെയ്തു. നാദിര്‍ഷയേയും അറസ്റ്റ് ചെയ്‌തേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *