ദിലീപിനെ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെല്ലാം ഒറ്റയടിക്ക് തണുപ്പിക്കുന്ന കൃത്യമായ മറുപടികള്‍;

film news home-slider kerala local

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ദിലീപിനെ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെല്ലാം ഒറ്റയടിക്ക് തണുപ്പിക്കുന്ന കൃത്യമായ മറുപടികള്‍. കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിന് മാധ്യമങ്ങളെ വിലക്കിയ നടപടി തെറ്റായെന്ന് ഏറ്റുപറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ കയ്യിലെടുക്കുന്ന പെര്‍ഫോമന്‍സ്. ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും തട്ടും തടവുമില്ലാതെ മറുപടി പറഞ്ഞും ആരെയും പിണക്കാതെ താരസംഘടനയില്‍ എല്ലാവരും ഒരുമിച്ച്‌ തന്നെയെന്ന് വ്യക്തമാക്കുന്ന ബോഡി ലാംഗ്വേജ്.

പിണങ്ങി മാറി നില്‍ക്കുന്ന നടികളുടെ പ്രശ്നങ്ങളെല്ലാം കേള്‍ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അനുനയം. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്തുതന്നെയെന്ന് പറയേണ്ട രീതിയില്‍ തന്നെ പറഞ്ഞ നയചാതുരിയും – ഇത്തരത്തില്‍ താരസംഘടനയുടെ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെതന്നെ സംഘടനയില്‍ ഉണ്ടായ വലിയ പൊട്ടിത്തെറികളെ എല്ലാം തണുപ്പിച്ചത് മോഹന്‍ലാലിന്റെ കൃത്യമായ ഇടപെടല്‍ തന്നെ.

ചെറിയചെറിയ തെറ്റിദ്ധാരണകളാണ് എല്ലാക്കാര്യത്തിലും ഉണ്ടായതെന്ന മട്ടില്‍ വളരെ തന്ത്രപരമായാണ് സൂപ്പര്‍താരം ഇന്ന് കൊച്ചിയില്‍ പത്രസമ്മേളനം നടത്തിയത്. ഇതോടെ വലിയൊരു മഞ്ഞുരുകലിലേക്ക് താരസംഘടനയില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. ദിലീപിനെ തിരിച്ചെടുത്തു എന്ന വിഷയത്തില്‍ തുടങ്ങിയ പ്രശ്നത്തെ ശരിക്കും ഇല്ലാതാക്കുന്നതായിരുന്നു ലാലിന്റെ പെര്‍ഫോമന്‍സ്. നടന്‍ താന്‍ സംഘടനയിലേക്ക് തിരിച്ചുവരുന്നില്ല എന്ന് വ്യക്തമാക്കിയതിനാല്‍ തന്നെ ദിലീപ് ഇപ്പോള്‍ സംഘടനയ്ക്ക് പുറത്താണെന്ന് പറഞ്ഞുകൊണ്ട് അങ്ങനെയൊരു പ്രശ്നമേയില്ലെന്നും സംഘടന ഇപ്പോഴും ആക്രമണം നേരിട്ട പെണ്‍കുട്ടിക്ക് ഒപ്പമാണെന്നും പറഞ്ഞ് കാര്യങ്ങളെ വീണ്ടും പഴയ നിലയിലേക്ക് എത്തിക്കുന്നതായിരുന്നു ഇന്നത്തെ ലാലിന്റെ തുറന്നുപറച്ചില്‍.

ഇതോടൊപ്പം നടിമാര്‍ക്ക് എന്ത് വിഷയമുണ്ടെങ്കിലും സംസാരിക്കാമെന്നും താരസംഘടനയില്‍ പുരുഷാധിപത്യം ഇല്ലെന്നും വനിതാ സംഘടനയുടെ നേതാക്കള്‍ക്ക് സംഘടനാ ഭാരവാഹിത്വത്തിലേക്ക് വരാന്‍ ആരും തടസ്സം നിന്നില്ലെന്നും പറഞ്ഞ ലാല്‍ പാര്‍വതിക്ക് ഏത് സ്ഥാനത്തേക്കും സ്വാഗതമെന്നുകൂടി പറഞ്ഞാണ് ആ വിഷയത്തിലെ തെറ്റിദ്ധാരണ നീക്കുന്ന ഇടപെടല്‍ നടത്തിയത്.

പത്രക്കാരെ കഴിഞ്ഞ ജനറല്‍ബോഡി യോഗത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയെന്ന ആക്ഷേപത്തില്‍ മാപ്പുപറഞ്ഞുകൊണ്ട് ആദ്യംതന്നെ പത്രസമ്മേളനത്തെ ഫ്രണ്ട്‌ലിയാക്കി ലാല്‍. അത് വളരെ തെറ്റായിപ്പോയെന്നും അതിനാലാണ് ഇത്തരത്തില്‍ ശക്തമായ വിവാദങ്ങള്‍ ഉണ്ടായതെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം. ഇനി അത്തരം വീഴ്ചകള്‍ ഉണ്ടാകില്ല. ഒരുപാട് വര്‍ഷത്തെ പ്രവര്‍ത്തന ശൈലി മാറ്റണമെന്ന് ആഗ്രഹിക്കുന്നു. അന്നത്തെ യോഗത്തിന് ശേഷം വിദേശത്ത് ആയതിനാലാണ് കാണാന്‍വൈകിയതെന്നും പറഞ്ഞ് നേരെ മറ്റു വിഷയങ്ങളിലേക്ക്. ഒരോ പ്രശ്‌നത്തിനും ഓരോ ചോദ്യത്തിനും ക്ഷമാപൂര്‍വം ആരെയും വേദനിപ്പിക്കാത്ത വാക്കുകളോട് അനുനയത്തിന്റെ ഭാഷയില്‍ മറുപടി പറഞ്ഞ് ലാല്‍ മുന്നേറി. കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും പറഞ്ഞും ലാല്‍ നിലകൊണ്ടതോടെ കടുപ്പമേറിയ ചോദ്യങ്ങള്‍ ഉണ്ടായതുമില്ല.

അതോടൊപ്പം സംഘടനയിലെ 25 വര്‍ഷം പഴക്കമുള്ള ബൈലോ മാറ്റണമെന്നും സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ഇടപെടല്‍ വേണമെന്നും സിനിമയില്ലാത്തവര്‍ക്ക് സിനിമ ഉറപ്പാക്കാന്‍ ഇടപെടുമെന്നും എല്ലാം പറഞ്ഞുകൊണ്ട് പുതിയ ഭരണസമിതി എല്ലാ താരങ്ങളുടെയും പ്രശ്‌നങ്ങളെ ഒരേപോലെ തന്നെ കാണുമെന്ന വ്യക്തമായ സൂചനകളും പുതിയ പ്രസിഡന്റ് നല്‍കി. ഒരുവര്‍ഷം ഒരു സിനിമയെങ്കിലും എല്ലാവര്‍ക്കും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നെന്നും അന്ന് വിഷയം ഉന്നയിച്ചപ്പോള്‍ ഇപ്പോള്‍ എതിര്‍പ്പുമായി വന്നവരാരും അന്ന് പറഞ്ഞില്ലെന്നും ലാല്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് അവസരം ഉണ്ടായിട്ടും അവര്‍ പ്രതികരിക്കാതിരുന്നതെന്ന ധ്വനിയില്‍ ഇപ്പോഴത്തെ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന രീതിയില്‍ തന്നെയാണ് ലാല്‍ പ്രതികരിച്ചത്. ലീഗലായി ദിലീപിനെ അമ്മ പുറത്താക്കിയിട്ടില്ല.

അദ്ദേഹത്തിന് ഒരു കത്തയക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ആര്‍ക്കും അറിയാത്ത കാര്യത്തെ കുറിച്ച്‌ എങ്ങനെ സംസാരിക്കും. കോടതിയില്‍ നില്‍ക്കുന്ന ഒരു കാര്യമല്ലേ.. അങ്ങനെ സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയൂ. രണ്ടു പേരും അമ്മ അംഗങ്ങളാണ്. ആ കുട്ടിക്ക് ഒപ്പമാണ് ഞങ്ങള്‍. ദിലീപ് നിയമപരമായും സാങ്കേതികമായും പുറത്താണ്. അങ്ങനെയാണ് അദ്ദേഹം കത്തു നല്‍കിയത്. തുടര്‍ന്ന് എന്തുചെയ്യണമെന്ന ഞങ്ങള്‍ ആലോചിക്കും. വിഷയത്തില്‍ കൃത്യത വരുത്തിക്കൊണ്ട് ലാല്‍ പറഞ്ഞത് ഇങ്ങനെ.

പൊതുസമൂഹം എന്ന നിലയിലല്ല, സംഘടന എന്ന നിലയിലാണ് ഞങ്ങള്‍ നീങ്ങിയത്. തെറ്റായിപ്പോയി എന്ന് പറയുന്ന ആരോയും അന്ന് യോഗത്തില്‍ കണ്ടില്ല. ആര്‍ക്കും ചോദിക്കാം, അവരുടെ വീടാണത്. ജനറല്‍ ബോഡി മീറ്റിംഗിന്റെ അജണ്ടയിലുണ്ടയിരുന്ന വിഷയമാണ്. ഇല്ലെന്ന വാദം തെറ്റാണ്. ആക്രമിക്കപ്പെട്ട നടിക്ക് അമ്മയുടെ ഭാഗത്ത് നിന്ന് പറ്റുന്ന സഹായമെല്ലാം ചെയ്തു. കൂടുതലും സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് ആ സഹായം ഉണ്ടാവേണ്ടത്. മസ്‌കറ്റിലെ ഒരു ഫങ്ഷന് അവരെ ക്ഷണിച്ചതാണ്. അവര് പിന്മാറി. എപ്പോഴും എന്ത് സഹായത്തിനും ഞങ്ങള്‍ തയ്യാറാണ്. അവസരങ്ങള്‍ തകര്‍ക്കുന്നു എന്ന ഒരു പരാതിയും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. അങ്ങനെയൊരു പരാതി അവരെഴുതി തന്നിട്ടില്ല. അങ്ങനെ തന്നുവെന്ന് പറഞ്ഞാല്‍ അത് കാണിക്കൂ എന്നേ എനിക്ക് പറയാനാകൂ.

പുതിയ വിഷയങ്ങളില്‍ രണ്ട് പേര് മാത്രമേ രാജിവച്ചിട്ടുള്ളൂ. രാജി ഒഴിവാക്കി തിരിച്ചുവന്നാല്‍ സ്വീകരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ജനറല്‍ ബോഡിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. അവര് രജിവെക്കാനുണ്ടായ സാഹചര്യം അവര് പറയും, ഞങ്ങള് ഞങ്ങളുടെ കാര്യം പറയും. ഒരുപാട് സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളന്ന് ദിലീപിനെ പുറത്താക്കിയത്. യോഗം തീരുന്നതിന് മുന്‍പ് ഊര്‍മ്മിള മാത്രമായി ഉന്നയിച്ചു എന്ന വാര്‍ത്ത തെറ്റാണ്. അജണ്ടയിലുണ്ടായിരുന്ന വിഷയം ഊര്‍മ്മിള നേരത്തെ ഉന്നയിച്ചു എന്നേയുള്ളു. അവിടുത്തെ ചര്‍ച്ച പലപ്പോഴും ഹ്യൂമറായാണ് ഞങ്ങള്‍ കൊണ്ടുപോകാറുള്ളത്. സത്രീകള്‍ക്ക് ധൈര്യമായി വന്ന് നിന്ന് സംസാരിക്കാം അമ്മയില്‍ പുരുഷേധാവിത്വം ഒന്നും ഇല്ല. അമ്മയെ പോലൊരു സഘടന ഇന്ത്യയിലുണ്ടാകില്ല.

ദിലീപ് വരുന്നില്ല എന്ന് പറഞ്ഞാലെന്ത് ചെയ്യും. അദ്ദേഹം വരുന്നില്ല എന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ വേണ്ട എന്നാണ് സംഘടനയുടെ തീരുമാനം. അദ്ദേഹം തെറ്റുകാരനല്ല എന്ന് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണ്. കേസ് കഴിഞ്ഞതിന് ശേഷമേ തിരിച്ചെടുക്കല്‍ തീരുമാനമുള്ളൂ. തെറ്റുകാര്‍ ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട്. – ലാല്‍ നിലപാട് വ്യക്തമാക്കി.

ഇതോടൊപ്പം തിലകന്‍ വിഷയത്തില്‍ ഉള്‍പ്പെടെ ലാല്‍ പ്രതികരിക്കുകയും ചെയ്തു. 101 ശതമാനം തിലകനുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ശരിയല്ല. വിലക്കിന്റെ കാലത്തു അദ്ദേഹവുമായി ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനി ഒന്നും ചെയ്യാനാകാത്ത കാര്യത്തില്‍ നമ്മള്‍ സംസാരിച്ചിട്ട് കാര്യമുണ്ടോ. നിഷാ സാരംഗിന് വേണ്ടി ചെയ്യാനാവുന്നത് മുഴുവന്‍ ചെയ്യും. ഇതിനികം തന്നെ ബന്ധപ്പെട്ടവരുമയി സംസാരിച്ച്‌ കഴിഞ്ഞിട്ടുണ്ട്. അമ്മ മീറ്റിംഗില്‍ നിഷയോട് വിവേചനം ഉണ്ടായത് കമ്മ്യൂണിക്കേഷന്‍ ഇറര്‍ ആണ്. സമാന്തര സഘടനകളും നല്ല രാതിയില്‍ പ്രവര്‍ത്തിക്കട്ടെ. വിവാദ സ്‌കിറ്റിനെ ഒരു ബ്ലാക് ഹ്യൂമറായി കണ്ടാല്‍ മതി. അത് സ്ത്രീകള് തന്നെ ഉണ്ടാക്കിയതാണ്. ആരെയും അവഹേളിക്കന്‍ ഉണ്ടാക്കിയ സ്‌കിറ്റ് അല്ല.

ആ വിഷയം അജണ്ടയിലില്ലായിരുന്നു എന്ന ഡബ്ല്യുസിസി ആരോപണം തെറ്റാണ്. ഞാന്‍ പറയുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണം എന്നൊരാള്‍ക്ക് പറയാനാവില്ല. എല്ലാവരുടെയും അഭിപ്രായം കണക്കിലെടുത്തേ മുന്നോട്ട് പോകാനാകൂ. ബൈലോയില്‍ മാറ്റം അനിവാര്യമാണ്. സ്ത്രീകള്‍ക്ക് മത്സരിക്കാം, അവര്‍ക്ക് വന്ന് എനിക്ക് ഈ തസ്തികയിലേക്ക് വരണമെന്ന് പറയാമല്ലോ. അവരെ ആരും തടഞ്ഞിട്ടില്ല. പാര്‍വതിക്ക് പറയാമായരുന്നു. ഇപ്പോഴും അവര്‍ക്ക് വരാം. സംഘടനയ്‌ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെല്ലാം ചെറിയചെറിയ തെറ്റിദ്ധാരണകള്‍ കൊണ്ട് മാത്രമാണെന്ന് വ്യക്തമാക്കി ലാല്‍ പറയുന്നു.

ഇതോടൊപ്പം ഇപ്പോഴുണ്ടായ പ്രശനങ്ങളില്‍ മഞ്ഞുരുകട്ടെയെന്നും അതിന് പത്രക്കാരുടെയും എല്ലാവരുടേയും സഹായം വേണമെന്നും കൂടെ പറഞ്ഞാണ് ലാല്‍ സംഘടനയിലെ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന പ്രത്യാശ പങ്കിടുന്നത്.

ഇത് ക്ലബ് പോലെയുള്ള ചെറിയൊരു സംഘടനയാണ്. 248പുരുഷന്മാര്‍. 236 സ്ത്രീകള്‍. 143 പേര്‍ക്ക് എല്ലാമാസവും 5000 രൂപ വീതവും കൈനീട്ടം കൊടുക്കുന്നു. വേറെ ഒരു സംഘടനയും അത് ചെയ്യുന്നില്ല. അമ്മ അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിന്‍ ഹനീഫയുടെ കുടുബത്തിന് ഞങ്ങളാണ് സഹായം ചെയ്യുന്നത്. അക്ഷരവീട്, മാധ്യമവും യുഎഇ എക്‌സ്‌ചേഞ്ചുമായി ചേര്‍ന്ന് ചെയ്യുന്നു. അമ്മ വീട് പിരിച്ചുവിടണമെന്ന് ചിലരൊക്കെ പറയുന്ന കേട്ടു. ഇത്രയധികം ചരിറ്റി ചെയ്യുന്ന സംഘടന പിരിച്ചുവിടണോ? ബാങ്കില്‍ ഞങ്ങള്‍ക്ക് പൈസയുണ്ട്, ഷോ ഒക്കെ ചെയ്ത് ഉണ്ടാക്കിയത്. അത് ഒരുപാട് പേരെ സഹായിക്കാനാണ്. ഒരു പിണക്കവുമില്ലാതെ നമുക്ക് ഒരുമിച്ച്‌ പോകാം. വീണ്ടും ചോദ്യങ്ങള്‍ വന്നുതുടങ്ങിയതോടെ നൈസായി ഒഴിഞ്ഞുമാറി ചെറുചിരിയോടെ ലാല്‍ പറഞ്ഞത് ഇങ്ങനെ: ഇനി ചോദ്യം വേണ്ട. ഒരു ചോദ്യം നാളത്തേക്ക് വെക്കൂ. എന്‍എസ് മധവനൊക്കെ വലിയ ആളുകളല്ലേ, അവര്‍ക്ക് മറുപടി പറയണോ?

Leave a Reply

Your email address will not be published. Required fields are marked *