ദമ്ബതികളുടെ ആത്മഹത്യ; എസ്.ഐക്ക് സ്ഥലംമാറ്റം, വ്യാഴാഴ്ച ഹര്‍ത്താല്‍

home-slider kerala news

ചങ്ങനാശ്ശേരി: പോലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്ബതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ എസ്.ഐക്ക് സ്ഥലംമാറ്റം. ചങ്ങനാശേരി എസ്.ഐ ഷമീര്‍ഖാനെ കോട്ടയം എസ്.പി ഓഫീസിലേക്കു മാറ്റി. അന്വേഷണവിധേയമായാണ് എസ്.ഐയുടെ സ്ഥലംമാറ്റം.

കേസന്വേഷണം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ നിര്‍ദേശം നല്‍കിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫും ബിജെപിയും വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.

ചങ്ങനാശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പോലീസ് സ്റ്റേഷന്‍ പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കോട്ടയം മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്മാരുടെ സംഘം ദമ്ബതികളുടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലായിരിക്കും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക.

അതേസമയം സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് സുനിലിനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. മര്‍ദ്ദനമേറ്റ് മരിക്കാറായെന്ന് സുനില്‍ പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

സ്വര്‍ണം കിട്ടിയില്ലെങ്കില്‍ എട്ടു ലക്ഷം രൂപ നല്‍കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു. ചങ്ങനാശേരി കൗണ്‍സിലര്‍ സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇയാള്‍ നല്‍കിയ പരാതിയിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.

എന്നാല്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ദമ്ബതികളെ മര്‍ദിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്ന് ചങ്ങനാശേരി ഡി.വൈ.എസ്.പി വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി റേഞ്ച് ഐ.ജിയും വ്യക്തമാക്കി.

കോട്ടയം ചങ്ങനാശേരിയിലെ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സുനില്‍ – രേഷ്മ ദമ്ബതികളാണ് ബുധനാഴ്ച മരിച്ചത്. വൈകീട്ട് 3.30-ഓടെ വിഷം ഉള്ളില്‍ച്ചെന്ന് അവശരായ നിലയില്‍ കണ്ടെത്തിയ ദമ്ബതികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയായിരുന്നു മരിച്ച സുനില്‍. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് പോലീസ് ഇവരെ ചോദ്യംചെയ്തത്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് ദമ്ബതികള്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ പോലീസിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *