ന്യൂഡൽഹി: തങ്ങളെ ചിലർ കരുതിക്കൂട്ടി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു..ഇരട്ടപ്പദവി വിഷയത്തിൽ തങ്ങളുടെ ഭാഗവും കേൾക്കണമെന്നും പറഞ്ഞു . ഇക്കാര്യം ആവശ്യപ്പെട്ട് എഎപി രാഷ്ട്രപതിയെ കാണുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഒരു അവസരം പോലും ഇതുവരെ ലഭിച്ചില്ല. തങ്ങളെ കേൾക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയാണ്. അയോഗ്യത കൽപ്പിക്കപ്പെട്ട എംഎൽഎമാർ രാഷ്ട്രപതിയെ നേരിൽകണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർലമെന്ററി സെക്രട്ടറി പദവിക്ക് പ്രതിഫലം പറ്റിയതായി തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അയോഗ്യതാ നടപടി നേരിടുന്ന എംഎൽഎ ജർണയിൽ സിംഗ് വെല്ലുവിളിച്ചു. പാർലമെന്ററി സെക്രട്ടറി പദവിയുമായി ബന്ധപ്പെട്ട് ഒരു രൂപ ശമ്പളമോ വീടോ കാറോ കൈപ്പറ്റിയതായി തെളിയിക്കാൻ കമ്മീഷനെ വെല്ലുവിളിക്കുകയാണ്. ഏതു കോടതിയിലും പോകാനും തങ്ങൾ ഒരുക്കമാണ്. മറ്റുവഴിയില്ലെങ്കിൽ ജനങ്ങളുടെ കോടതിയെ തന്നെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
20 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര തെരഞ്ഞെടുപ്പു നൽകിയ ശിപാർശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമാണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കായി നമുക്ക് കാത്തിരിക്കാം ,