ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും കൊച്ചി നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തില്‍ ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് പൊലീസ് സൂചന നല്കുന്നു. വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യങ്ങളും മറ്റ് വീഡിയോകളും പൊലീസ് പരിശോധിച്ച് വരികയാണ്. ഇതില്‍ നിന്നും പ്രതിഷേധക്കാരുടെ വിവരങ്ങള്‍ ക്രോഡീകരിക്കും. ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
അതീവ സുരക്ഷാ മേഖലകളിലൊന്നാണ് വിമാനത്താവളം. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ പൊലീസ് അന്നുതന്നെ കേസ് എടുത്തിരുന്നു. എന്നാല്‍, സമരത്തിന്റെ വീഡിയോയും മറ്റും പരിശോധിച്ച പൊലീസ് പിന്നീട് 500 പേര്‍ക്കെതിരെ കേസ് ചുമത്താന്‍ തീരുമാനിച്ചു. ഇതില്‍ നേതാക്കളെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
അതേസമയം, വിമാനത്താവള അധികൃതരുടെ പരാതി പോലുമില്ലാതെ സമരം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം ഇത്തരത്തില്‍ കേസെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തി ദേശായി എത്തിയതു മുതല്‍ രാത്രി 9.30ന് തിരിച്ചുപോകും വരെ പ്രതിഷേധം തുടര്‍ന്നു. സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്‍ഡിന്റെ കീഴില്‍ അറുന്നൂറോളം പേരെയാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. സാധാരണനിലയില്‍ സുരക്ഷയെ ബാധിക്കുന്ന ഒരു സമരവും വിമാനത്താവളത്തില്‍ അനുവദിക്കാറില്ല.
ചുമത്തിയ വകുപ്പുകള്‍
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി
അതീവ സുരക്ഷാമേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു
അറസ്റ്റ് ഉടനുണ്ടാകും
തൃപ്തി ദേശായിയേയും സംഘത്തെയും തടഞ്ഞ സംഭവത്തില്‍ വീഡിയോ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇതിന് ശേഷം അറസ്റ്റ് ഉണ്ടാകും.
രാഹുല്‍ ആര്. നായര്‍, റൂറല്‍ ജില്ലാ പൊലീസ് മേധാവി
അതിനിടെ ജനം ടി വിക്കെതിരെ ആഞ്ഞടിച്ച് തൃപ്തി ദേശായി. ശബരിമല പ്രവേശനത്തിനെത്തിയ തന്നെ ക്രിസ്ത്യാനിയായി ചിത്രീകരിച്ച ജനം ടീവിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് തൃപ്തി ദേശായി. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഒരാഴ്ചക്കകം മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ കേസ് നല്‍കുമെന്നും തൃപ്തി ദേസായി പറഞ്ഞു. ഇല്ലാത്ത വാര്‍ത്ത കെട്ടിച്ചമയ്ക്കുകയാണ് ജനം ടി വി . താന്‍ ഹിന്ദു ആണ്. മത പരിവര്‍ത്തനം നടത്തി എന്നത് കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ തനിക്കെതിരെ വിരോധം ആളിക്കത്തിക്കാന്‍ ചാനല്‍ കെട്ടിച്ചമച്ച കാര്യമാണെന്നും തൃപ്തി ദേശായി വ്യക്തമാക്കി. നേരത്തേ ശബരിമല കയറാന്‍ വന്ന രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ നാപ്കിന് ഉണ്ടെന്ന അതിവിചിത്രമായ വാര്‍ത്ത പ്രചരിപ്പിച്ച സംഘ പരിവാര്‍ ചാനലാണ് ജനം ടീവി എന്നും തൃപ്തി ദേശായി ആരോപിച്ചു