കോഴിക്കോട്: കൊട്ടും കുരവയുമായി പ്രണയിനിയുടെ കഴുത്തില്‍ താലികെട്ടേണ്ട നേരത്ത് ബ്രിജേഷിന് കാണേണ്ടി വന്നത് മെഡിക്കല്‍കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ ആതിരയുടെ വെള്ളത്തുണിയില്‍ പൊതിഞ്ഞ ശരീരമായിരുന്നു.
താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിന് പിതാവ് മകളെ കുത്തിക്കൊന്നു. ആതിര പരിക്കേറ്റു കിടക്കുകയാണെന്നായിരുന്നു ബ്രിജേഷ് ആദ്യം അറിഞ്ഞത്. താലിമാലയും സാരിയുമെടുത്തായിരുന്നു ബ്രിജേഷ് ആശുപത്രിയിലേക്ക് ഓടിയത്. അവിടെയെത്തിയപ്പോളാണ് ബ്രിജേഷ് അറിയുന്നത് തന്റെ ആതിര കൊല്ലപ്പെട്ടു എന്ന്. തലേദിവസവും ആതിര ബ്രിജേഷിനെ വിളിച്ച് തന്നെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വ്യാഴാഴ്ച സംഭവം നടക്കു മ്പോള്‍ ബ്രിജേഷ് കല്യാണത്തിനുള്ള താലിമാല വാങ്ങാന്‍ പോയതായിരുന്നു. രാത്രി ആതിര കുത്തേറ്റ് മരിച്ച വിവരം ടെലിവിഷനില്‍ വാര്‍ത്ത വന്നെങ്കിലും അത് കണ്ട ബന്ധുക്കള്‍ വിവരം ബ്രിജേഷിനോട് പറഞ്ഞില്ല. ബ്രിജേഷിന്റെ വീട്ടില്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കവേ ആതിരയുടെ വീട്ടിൽ കലഹമായിരുന്നു. ആതിരക്ക് വിവാഹത്തിന് ധരിക്കാനായി വാങ്ങിയ സാരി ആതിരയുടെ പിതാവ് കൂട്ടിയിട്ട് തീയിട്ടു. പന്തികേട് തോന്നിയ രാജന്റെ സഹോദരിയാണ് ആതിരയെ തൊട്ടടുത്ത വീട്ടില്‍ കൊണ്ടുപോയി ഒളിപ്പിച്ചത്. മരുമകനായി താഴ്ന്ന ജാതിക്കാരനെ സ്വീകരിക്കേണ്ടി വരുന്നതിന്റെ ദേഷ്യമായിരുന്നു പിതാവിന്. അയല്‍ക്കാരന്റെ വീട്ടില്‍ ഒളിച്ചിരുന്ന ആതിരയെ പിതാവ് അവിടെ ചെന്ന് വാതില്‍ ചവുട്ടിത്തുറന്ന് കറിക്കത്തിക്ക് കുത്തുകയായിരുന്നു.
ശ്വാസകോശത്തില്‍ ആഴത്തിലുള്ള മുറിവേറ്റാണ് ആതിര മരണമടഞ്ഞതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ബ്രിജേഷും തീയ്യജാതിക്കാരിയായ ആതിരയും തമ്മിലുള്ള പ്രണയം പിതാവ് രാജന് അംഗീകരിക്കാന്‍ കഴിയത്തതിനെ തുടർന്നാണ് ഈ പ്രശനം ഉണ്ടായത് . പിതാവ് രാജൻ ഇവരുടെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല ഇതേ തുടര്‍ന്ന് പ്രശ്‌നം പോലീസ് സ്‌റ്റേഷനിൽ എത്തുകയും പോലീസിന്റെ തര്‍ക്ക പരിഹാരത്തില്‍ വിവാഹത്തിന് രാജൻ സമ്മതിക്കുകയുമായിരുന്നു .