“താങ്കളുടെ കണ്ണിലെ കമ്യൂണിസ്റ്റ് തിമിരം കളഞ്ഞ് ശബരിമലയുടെ ചരിത്രവും സന്ദേശവും കാണുവാൻ ശ്രമിക്കുക. അല്ലാതെ വിശ്വാസങ്ങൾക്കു നേർക്ക് തുപ്പരുത് വിജയാ…” മുഖ്യമന്ത്രിക്കു അയ്യപ്പ ഭക്തൻ എഴുതിയ കത്ത് വൈറലാവുന്നു ;

home-slider kerala politics

പിണറായി വിജയന് ഒരു തുറന്ന കത്ത്.
പ്രിയപ്പെട്ട വിജയൻ:
“ശബരിമലയെ സവർണ്ണ ജാതിഭ്രാന്തിന്റെ കേന്ദ്രമാക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ.”
മുകളിൽ കൊടുത്തിരിക്കുന്ന താങ്കളുടെ പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ വിശ്വാസി സമൂഹത്തിനു വേണ്ടി തള്ളിക്കളയുന്നു. അതു ചെയ്യുന്നത് പ്രധാനമായും നാലു കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ്.
ഒന്ന് – അയിത്തം. താങ്കൾ ഒരുപക്ഷേ കരുതുന്നതുപോലെ സവർണ്ണ സ്ത്രീകൾക്കായി ശബരിമലയിൽ പ്രത്യേക പരിഗണന ഒന്നുമില്ല. പത്തിനും അൻപതിനും ഇടക്ക് പ്രായമുള്ള പുലയസ്ത്രീ വന്നാലും, നായർസ്ത്രീ വന്നാലും, ഈഴവസ്ത്രീ വന്നാലും, ബ്രാഹ്മണസ്ത്രീ വന്നാലും, ആദിവാസിസ്ത്രീ വന്നാലും, ഏതു വിഭാഗത്തിലെ സ്ത്രീ വന്നാലും ശബരിമലയിൽ പ്രവേശനം ഇല്ല. അയ്യപ്പന്റെ സ്വന്തം കുടുംബമായ പന്തളം രാജകുടുംബത്തിലെ സ്ത്രീകൾക്കും ഈ നിയന്ത്രണത്തിൽ ഇളവില്ല. ഈ അവസ്ഥയിൽ അന്നും ഇന്നും മാറ്റമില്ല. ഇതിൽ എവിടെയാണ് വിജയാ, സവർണ്ണ ജാതിഭ്രാന്ത്?
രണ്ട് – അയ്യപ്പൻ. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രത്യേകതയുള്ളതാണ് ശബരിമലയിലെ അയ്യപ്പസങ്കല്പം. അത് പതിനെട്ടാം പടി കടന്ന് ക്ഷേത്രത്തിന്റെ മുന്നിൽ എത്തുമ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കും – തത്ത്വമസി. നീ ആരെ തേടി വന്നുവോ, അതു നീ തന്നെയാണെന്ന തിരിച്ചറിവ്. ദേവനും ഭക്തനും ഒരേ പേരുള്ള ഒരു ക്ഷേത്രവും മറ്റെങ്ങുമില്ല. ശബരിമലയിൽ എല്ലാവരും സ്വാമിയാണ്, അയ്യപ്പനാണ്. എല്ലാ ജാതിയിലും മതത്തിലും ഉള്ള ആൾക്കാർ അവിടെ പരസ്പരം സംബോധന ചെയ്യുന്നത് സ്വാമി അല്ലെങ്കിൽ അയ്യപ്പൻ എന്നാണ്. അവിടെ കൃത്യനിർവഹണത്തിനെത്തിയ പൊലീസുകാരെ പോലും അഭിസംബോധന ചെയ്യുന്നത് പൊലീസ് അയ്യപ്പന്മാർ എന്നാണ്. പൂജാകാര്യങ്ങൾ നിർവഹിക്കുന്നവരും, ഉദ്യോഗസ്ഥരും, ഭക്തരും എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും അയ്യപ്പാ എന്ന് ദേവന്റെ നാമത്തിൽ വിളിക്കുന്നു. അവിടെ ആരും മറ്റൊരാളിന്റെ നിറമോ ജാതിയോ തിരക്കി അയ്യപ്പൻ നായരേ, അയ്യപ്പ പുലയാ, അയ്യപ്പ നമ്പൂതിരീ എന്നൊന്നും വിളിക്കാറില്ല. അതുപോലെ അവിടെ പ്രവേശിക്കുന്ന സ്ത്രീകൾ ഒക്കെയും മാളികപ്പുറങ്ങളാണ്. സഹ കമ്യൂണിസ്റ്റുകാരെ നിങ്ങൾ സഖാവേ എന്നു വിളിക്കുന്നതിനേക്കാൾ ശ്രേഷ്ഠവും സവർണ്ണചിന്തയില്ലാത്തതുമാണ് അയ്യപ്പാ എന്നുള്ള ആ വിളി. കാരണം നിങ്ങൾക്ക് സഖാവ് ശങ്കരനും സഖാവ് കൃഷ്ണനും ആയിരുന്നില്ല ഉണ്ടായിരുന്നത്; സവർണ്ണ ജാതിഭ്രാന്തിന്റെ സഖാവ് നമ്പൂതിരിപ്പാടും സഖാവ് നായനാരും ആയിരുന്നു അവർ. ലജ്ജ തോന്നുന്നുണ്ടെങ്കിൽ തലതാഴ്ത്തുകയേ തരമുള്ളൂ. എന്നാൽ ശബരിമലയിൽ ഭഗവാനും ഭക്തനും ഒരേപേരെന്ന സങ്കൽപ്പത്തിൽ അന്നും ഇന്നും മാറ്റമില്ല. ഇതിൽ എവിടെയാണ് വിജയാ, സവർണ്ണ ജാതിഭ്രാന്ത്?
മൂന്ന് – കറുപ്പ്. മറ്റ് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ശബരിമലയിലെ ഭക്തന്റെ വേഷത്തിന്റെ നിറം കറുപ്പാണ്. എന്നും അധ:കൃതന്റെ, താഴ്ന്നവന്റെ, അശരണന്റെ നിറമായി ലോകം മുഴുവൻ കരുതിപ്പോന്നിട്ടുള്ള, നിന്ദിച്ചിട്ടുള്ള അതേ കറുപ്പ്. എല്ലാ വിഭാഗക്കാരനും ഒരു പോലെയുള്ള കറുത്ത വേഷം ധരിച്ചുകൊണ്ട് ദർശനത്തിനെത്തുന്നു. ഈ വിശ്വാസത്തിൽ അന്നും ഇന്നും മാറ്റമില്ല. ഇതിൽ എവിടെയാണ് വിജയാ, സവർണ്ണ ജാതിഭ്രാന്ത്?
നാല് – മതസാഹോദര്യം. ജാതിയിലും ഉപരിയായി മതത്തിലും വിവേചനം കാണാത്ത വിശ്വാസമാണ് ശബരിമലയിലേത്. പല ഹിന്ദു ക്ഷേത്രങ്ങളിലും വിശ്വാസികളായ അന്യമതസ്ഥർക്കു പോലും ഇന്നും പ്രവേശനം ഇല്ല. എന്നാൽ കേൾവിയുള്ള കാലം തൊട്ട് ശബരിമലയിൽ നാനാ മതസ്ഥർക്കും പ്രവേശനം ഉണ്ട്. താങ്കൾ തന്നെ അടുത്ത കാലത്ത് ശബരിമല സന്ദർശിച്ച് തൊഴാതെ ശ്രീകോവിലിലേക്ക് കണ്ണുപായിച്ചപ്പോൾ താങ്കളുടെ തൊട്ടടുത്ത് നിന്നിരുന്നത് റാന്നി അങ്ങാടി മുറിയിൽ കണ്ടനാട്ട് വീട്ടിൽ കെ എസ് എബ്രഹാമിന്റെ മകൻ രാജു എബ്രഹാം എം എൽ ഏ എന്ന ക്രിസ്ത്യാനി ആയിരുന്നു. ഏതാണ്ട് രണ്ടു കൊല്ലം മുൻപ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ വലതു വശത്ത് നിന്നിരുന്നത് അന്നത്തെ വഖഫ്, ഹജ്ജ് തീർത്ഥാടന മന്ത്രിയായിരുന്ന തൊഴുവാനൂർ കൂരിപ്പറമ്പിൽ തെക്കുംപാട്ട് വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ കെ ടി ജലീൽ ആയിരുന്നു. അവരെയൊന്നും ആരും തടഞ്ഞില്ലെന്നു തന്നെയല്ല, ബ്രാഹ്മണ മേൽക്കോയ്മയുടെ പ്രതീകങ്ങൾ എന്നു ഒരുപക്ഷെ താങ്കൾ കരുതുന്ന തന്ത്രി സ്വീകരിക്കുകയും ചെയ്തു. മതസൗഹാർദ്ദത്തിന്റെ മഹത്തരമായ അനുഭൂതിയാണ് താൻ ശബരിമലയിൽ അനുഭവിച്ചതെന്ന് ജലീൽ തന്നെ പിന്നീട് പറയുകയും ചെയ്തു. അതെങ്ങനെ, വാവരും കൊച്ചുതൊമ്മനും അയ്യപ്പന്റെ സുഹൃത്തുക്കൾ ആയിരുന്നു എന്നുള്ള ഉപകഥകളൊന്നും താങ്കൾ കേട്ടിരിക്കാൻ തരമില്ലല്ലോ. ഒരു രാത്രിയെങ്കിലും ഏട്ടു മണിയോടടുത്ത് നടയിലെത്തി ഹരിവരാസനം കെട്ടുനോക്കൂ. ഭഗവാനെ എന്നും രാത്രി പാടി ഉറക്കുന്നത് ചെമ്പൈ വൈദ്യനാഥ ഭാഗവതരോ ദക്ഷിണാമൂർത്തി സ്വാമികളോ അല്ല, ഒന്നാംതരം റോമൻ കാത്തലിക് ആയ കട്ടശ്ശേരി ജോസഫ് യേശുദാസ് എന്ന ഗാനഗന്ധർവൻ ആണ്. ശബരിമലയിലെ മതസൗഹാർദ്ദ അന്തരീക്ഷത്തിൽ അന്നും ഇന്നും മാറ്റമില്ല. ഇതിൽ എവിടെയാണ് വിജയാ, സവർണ്ണ ജാതിഭ്രാന്ത്?
അല്ലയോ വിജയാ, ധർമ്മസംസ്ഥാപന യുദ്ധത്തിൽ സാക്ഷാൽ വിജയന് ശ്രീകൃഷ്ണൻ ഗീതോപദേശം നൽകിയപ്പോൾ ബുദ്ധി കൂടുതൽ തെളിഞ്ഞു എന്നാണ് വിശ്വാസം. അഭിനവ വിജയനായ താങ്കൾക്ക് ഗീതാ ഗോപിനാഥ് വരെ ഉപദേശം നൽകിയിട്ടും ബുദ്ധി തെളിഞ്ഞു കണ്ടില്ലല്ലോ. താങ്കളുടെ കണ്ണിലെ കമ്യൂണിസ്റ്റ് തിമിരം കളഞ്ഞ് ശബരിമലയുടെ ചരിത്രവും സന്ദേശവും കാണുവാൻ ശ്രമിക്കുക.
അല്ലാതെ വിശ്വാസങ്ങൾക്കു നേർക്ക് തുപ്പരുത് വിജയാ, തുപ്പിപ്പഠിക്കരുത്.
അയ്യപ്പ ശരണം:
ശ്രീജിത് പണിക്കർ
(പിൻകുറിപ്പ്: എന്റെ പേരിലെ പണിക്കർ ജാതിപ്പേരല്ല കേട്ടോ. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂർ ഖജനാവിലേക്ക് പണം നൽകി സഹായിച്ചതിനാൽ രാജാവ് നേരിട്ട് ചില ഹിന്ദു, ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നൽകിയ സ്ഥാനപ്പേരാണത്. ഒരു പക്ഷേ മാർത്താണ്ഡവർമ്മ പണം നന്നായി വിനിയോഗിക്കുമെന്ന് അറിയാവുന്നതു കൊണ്ടായിരിക്കാം എന്റെ പൂർവികർ അന്നു പണം നൽകി സഹായിച്ചത്. എന്നാൽ അടുത്തകാലങ്ങളിലെ അങ്ങയുടെ ധനവിനിയോഗത്തിന്റെ അനുഭവങ്ങളും പാർട്ടിക്കാരുടെ കടം വീട്ടുന്നതിലേക്കുള്ള പണത്തിന്റെ ഒഴുക്കും കാരണം അങ്ങയുടെ ദുരിതാശ്വാസ ഖജനാവിലേക്ക് ഈ സ്ഥാനപ്പേരുള്ള അടിയൻ പണമായി ഒരു രൂപ പോലും നാളിതുവരെ നൽകിയിട്ടില്ലെന്നും ആൾക്കാർക്ക് ആവശ്യമുള്ള സാധനങ്ങൾ സുഹൃത്തുക്കളോടൊപ്പം ഞങ്ങളാൽ കഴിയുംവിധം ദുരിതശ്വാസകേന്ദ്രങ്ങളിൽ നേരിട്ട് എത്തിക്കുകയായിരുന്നുവെന്നും ഇതിനാൽ ബോധിപ്പിക്കുന്നു. തിരുവുള്ളക്കേട് ഉണ്ടാകരുത്.)

Leave a Reply

Your email address will not be published. Required fields are marked *