കണ്ണൂര്‍: തളിപ്പറമ്ബില്‍ ഗാന്ധി പ്രതിമ തകര്‍ക്കപെട്ട സംഭവത്തില്‍ പിടിയിലായത് ബി.ജെ.പി പ്രവര്‍ത്തകന്‍. പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ പള്ളിക്കുന്നില്‍ പി. ദിനേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിപോയില്‍ മേഖലയിലെ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ് ഇയാള്‍. ഇന്ന് രാവിലെയാണ് ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഗാന്ധിയുടെ കണ്ണടയും പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയുമാണ് ഇയാള്‍ തകര്‍ത്തത് .
ആക്രമണത്തിന് ശേഷം ഇയാള്‍ ഗാന്ധി പ്രതിമയുടെ മുഖത്ത് അടിക്കുകയും പിന്നീട് സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോകുകയുമാണ് ചെയ്തത് . തമിഴ്നാട്ടില്‍ പെരിയാറിന്റേയും അബേദ്കറിന്റേയും പ്രതിമകള്‍ ആക്രമിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തിലേക്കും ആക്രമണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
തളിപ്പറമ്ബില്‍ 2005ല്‍ ഉമ്മന്‍ ചാണ്ടി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകര്‍ക്കപ്പെട്ടത് . പുലര്‍ച്ചെ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്‍പാണ് ഇയാള്‍ എത്തി പ്രതിമ തകര്‍ത്തത്. എന്നാല്‍ സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ആര്‍.ടി.ഒ ഓഫീസില്‍ ആളുണ്ടായിരുന്നത് ഇയാൾ അറിഞ്ഞില്ല . മാത്രമല്ല സമീപത്തെ സി.സി.ടി.വി ക്യാമറകളിലും ഇയാളുടെ ദൃശ്യം ഉണ്ട്.