തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ജയലളിതയ്‌ക്ക് ചുറ്റും കറങ്ങുമ്ബോള്‍… 75 ദിവസത്തെ ആശുപത്രി വാസവും ദുരൂഹതകള്‍ ബാക്കിവച്ച മരണവും

politics

ചെന്നൈ: തമിഴ്നാട്ടില്‍ ഇ.പി.എസ് ഒ.പി.എസ് പക്ഷങ്ങള്‍ ഒന്നിച്ചപ്പോള്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ജയലളിതയുടെ മരണം അന്വേഷിക്കുന്ന സിംഗിള്‍ ജഡ്‌ജി അറുമുഖ സ്വാമി കമ്മിഷന്റെ നടപടി 2019 ഏപ്രില്‍ 26ന് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. എന്നാല്‍ കമ്മിഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും തമിഴ്‌നാട്ടില്‍ സജീവമായിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെയുടെ അനിഷേധ്യ നേതാവായ ജയലളിത 2016 ഡിസംബര്‍ 5ന് മരിക്കുന്നതുവരെ 75 ദിവസമാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്.

ജയലളിതയുടെ നിര്യാണം നിരവധി ചോദ്യങ്ങളും വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. എടപ്പാടി പളനി സ്വാമിയുടേയും പനീര്‍ശെല്‍വത്തിന്റേയും നേതൃത്വത്തിലുളള എ‌.ഐ‌.എ.ഡി‌.എം‌.കെ വിഭാഗങ്ങള്‍ അധികാര രാഷ്ട്രീയത്തിന് വേണ്ടി മല്ലടിച്ചപ്പോള്‍, സമാധാന ഉടമ്ബടികളിലൊന്ന് ജയലളിതയുടെ മരണം അന്വേഷിക്കാനുളള ഒരു സമിതിയായിരുന്നു. ജയലളിതയുടെ നിര്യാണത്തിന് ഏകദേശം പത്ത് മാസത്തിന് ശേഷം 2017 സെപ്‌തംബര്‍ 25ന് രൂപീകരിച്ച കമ്മിഷന്‍ ഒരു നിഗമനത്തില്‍ എത്തി ചേരുമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കമ്മിഷന്‍ രൂപീകരിച്ച്‌ 36 മാസത്തിലേറെയായിട്ടും ജയലളിതയുടെ 75 ദിവസത്തെ അപ്പോളോ വാസത്തെപ്പറ്റിയും മരണത്തെപ്പറ്റിയും യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല .

സംശയാസ്പദമായ സാഹചര്യത്തിലാണ് കമ്മിഷന്‍ രൂപീകരിച്ചത്. ഇപ്പോള്‍ 37 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഒരു ഇടക്കാല റിപ്പോര്‍ട്ട് പോലും ഇതുവരെ വന്നിട്ടില്ല. ഈ കമ്മിഷന്‍ എന്തിനാണ് സ്ഥാപിച്ചതെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോലും ആശ്ചര്യമാണെന്ന് ഡി.എം.കെ വക്താവ് മനു സുന്ദരം അഭിപ്രായപ്പെടുന്നു.

അറുമുഖ സ്വാമി കമ്മിഷന്‍ ആരംഭിച്ച കാലം മുതല്‍ നിരവധി വിവാദങ്ങള്‍ നേരിട്ടിട്ടുണ്ട്. അന്വേഷണ സമിതി പക്ഷപാതപരമായാണ് പെരുമാറുന്നത് എന്നായിരുന്നു അപ്പോളോ ആശുപത്രി അധികൃതരുടെ ആരോപണം. ആരോഗ്യ സംബന്ധമായ കാര്യങ്ങളോ അന്തരിച്ച നേതാവിന് നല്‍കിയ ചികിത്സയോ അന്വേഷിക്കാന്‍ കമ്മിഷന് വൈദ്യപരിജ്ഞാനമില്ലെന്നാണ് ആശുപത്രിയുടെ വാദം. അറുമുഖ സ്വാമി കമ്മിഷനുമായി ചേര്‍ന്ന് ഒരു മെഡിക്കല്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കാന്‍ അപ്പോളോ ആശുപത്രി ആവശ്യപ്പെട്ടിരുന്നു. കമ്മിഷനില്‍ സ്റ്റേ ആവശ്യപ്പെട്ട് 2019 ഏപ്രില്‍ 4ന് ആശുപത്രി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്തരിച്ച മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്‌ടര്‍മാരുമായി അന്വേഷണ കമ്മിഷന്‍ ശരിയായി സഹകരിക്കുന്നില്ലെന്നും തങ്ങളെ ലക്ഷ്യമിടുന്നതായി തോന്നുന്നുവെന്നും ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു.

മദ്രാസ് ഹൈക്കോടതി ഹര്‍ജി തളളിയെങ്കിലും അപ്പോളോ ആശുപത്രി സുപ്രീം കോടതിയെ സമീപിച്ചു. 2019 ഏപ്രില്‍ 26ന് സുപ്രീംകോടതി കമ്മിഷന്‍ നടപടികള്‍ സ്റ്റേ ചെയ്‌തു. കമ്മിഷനായി മൂന്നുമാസത്തെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് അറുമുഖ സ്വാമി ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തെഴുതിയിരിക്കുകയാണ്. ഒക്ടോബര്‍ 16നാണ് അദ്ദേഹം കത്തെഴുതിയത്. കമ്മിഷന്റെ തുടര്‍നടപടികളില്‍ സര്‍ക്കാര്‍ കാട്ടുന്ന അലസതയെ ചോദ്യം ചെയ്‌തായിരുന്നു കത്ത്.

വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡി.എം.കെ ശ്രമിക്കുന്നത്. കേസ് വേഗത്തിലാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രി എടപാടി പളനിസ്വാമി പുലര്‍ത്തുന്ന മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ഒന്നിലധികം തവണ സമന്‍സ് അയച്ചിട്ടും കമ്മിഷന് മുന്നില്‍ പനീര്‍ ശെല്‍വം ഹാജരായിരുന്നില്ല. ആരോഗ്യമന്ത്രി എന്തുകൊണ്ട് വിഷയത്തില്‍ മൗനം പാലിക്കുന്നുവെന്നാണ് ഡി.എം.കെയുടെ മറ്റൊരു ചോദ്യം. സ്വന്തം നേതാവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ എന്തുകൊണ്ട് ഗൗരവമായി എടുക്കുന്നില്ലെന്നും ഡി.എം.കെ ആരോപിക്കുന്നു.

ശശികല ജയില്‍മോചിതയാകുന്നത് നോക്കി കമ്മിഷനെ വീണ്ടും പൊടിതട്ടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് ഡി.എം.കെ ആരോപണം. കമ്മിഷന്‍ രൂപീകരിച്ച സമയത്ത് തന്നെ ശശികലയെ സമ്മര്‍ദ്ദത്തിലാക്കാനുളള ഒരു രാഷ്ട്രീയ ഉപകരണമായി ഇത് ഉപയോഗിക്കപ്പെടുമെന്ന സംശയം ഉയര്‍ന്നിരുന്നു. അഞ്ച് മുതല്‍ ആറ് മാസത്തിനുളളില്‍ ചെയ്‌ത് തീര്‍ക്കേണ്ട കാര്യങ്ങളാണ് മൂന്ന് വര്‍ഷത്തോളം നീണ്ടതെന്നും ഡി.എം.കെ നേതാക്കള്‍ പറയുന്നു.

കമ്മിഷന്‍ നടപടികള്‍ എപ്പോള്‍ അവസാനിക്കുമെന്നതിനെക്കുറിച്ച്‌ ആളുകള്‍ക്ക് കാര്യമായ ധാരണയില്ല. അന്വേഷണത്തിന്റെ ലക്ഷ്യവും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് തമിഴ്നാട്ടിലെ പ്രശസ്‌ത രാഷ്ട്രീയ നിരീക്ഷകനായ സുമന്ത് സി രാമന്‍ പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള അലസതയെപ്പറ്റി കമ്മിഷന്‍ ആശങ്ക ഉന്നയിച്ചതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഡി.എം.കെ അധികാരത്തില്‍ എത്തിയാല്‍ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിച്ച്‌ ജയലളിതയ്‌ക്ക് നീതി ലഭ്യമാക്കുമെന്ന് ഡി.എം.കെ മേധാവി എം.കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്‌തതും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *