ഡിവൈഎസ്‌ പി യുടെ മരണം ദുരൂഹത?? സംശയിച്ചു കേരളം ;മരണം ഇന്നലെ സംഭവിച്ചതാകാമെന്ന് എസ്‌പി; ആദ്യം കണ്ടത് ഭാര്യയുടെ അമ്മ; ദൈവനീതിയെന്നു സനലിന്റെ ഭാര്യ ; ..

home-slider kerala local news

നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കാറിടിച്ചു മരിച്ച സംഭവത്തിലെ പ്രതിയായ ബി. ഹരികുമാര്‍ ജീവനൊടുക്കിയതു പൊലീസ് നടപടികള്‍ ശക്തമാക്കിയതിനിടെ. തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹരികുമാറിനോട് കീഴടങ്ങാന്‍ ബന്ധുക്കള്‍വഴി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനു തയാറാകാതെ ഡിവൈഎസ്പി ഒളിയിടങ്ങള്‍ മാറുകയായിരുന്നു. നാളെയാണ് ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. കോടതിയുടെ തീരുമാനം എതിരായാല്‍ മാത്രം കീഴടങ്ങാനായിരുന്നു ഹരികുമാറിന്റെ പദ്ധതി. ശത്രുക്കളുള്ളതിനാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് കൊണ്ടുപോകരുതെന്ന ആവശ്യവും ഹരികുമാര്‍ മുന്നോട്ടുവച്ചിരുന്നു. സനല്‍കുമാറിനെ മനഃപൂര്‍വം കൊന്നതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കിയതോടെ ഹരികുമാര്‍ മാനസികമായി സമ്മര്‍ദത്തിലാകുകയായിരുന്നെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.

കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയത്. ഈ വീട് കുറച്ചു നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി നെയ്യാറ്റിന്‍കരയിലാണ് ഡിവൈഎസ്പി ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്

അഞ്ചാം തീയതി രാത്രി പത്തു മണിയോടെയാണ് റോഡരികിലെ തര്‍ക്കത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കൊല്ലപ്പെടുന്നത്. പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ബിനുവിന്റെ വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ ഹരികുമാര്‍ വാഹനം പാര്‍ക്കുചെയ്തതുമായി ബന്ധപ്പെട്ടാണ് സനലുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. വാഹനം മാറ്റി പാര്‍ക്കു ചെയ്തശേഷം തിരിച്ചെത്തിയ സനലിനെ ഡിവൈഎസ്പി മര്‍ദിച്ചശേഷം കാറിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു

സനല്‍ ഭക്ഷണം കഴിക്കാനെത്തിയ കടയുടമയാണ് കേസിലെ പ്രധാന സാക്ഷി. ബിനുവിന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങളും നിര്‍ണായക തെളിവായി. ഡിവൈഎസ്പിയെ ഒളിവില്‍പോകാന്‍ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ് കുമാറിനെയും രണ്ടാംപ്രതി ബിനുവിന്റെ മകനും കേസിലെ നാലാം പ്രതിയുമായ അനൂപ് കൃഷ്ണയെയും കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. പണമിടപാട് സ്ഥാപനം നടത്തുന്ന ബിനുവിനെ പിടുകൂടാനായിട്ടില്ല.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഹരികുമാറിനെ പിടികൂടാനാകാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. പ്രതികളെ സംരക്ഷിക്കുന്നു എന്നാരോപിച്ച് എംഎല്‍എ അന്‍സലന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. സനലിന്റെ ഭാര്യ വിജി കൊലപാതകം നടന്ന സ്ഥലത്ത് ഇന്ന് രാവിലെ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഡിവൈഎസ്പിയുടെ മരണ വാര്‍ത്ത പുറത്തുവരുന്നത്.
ദൈവത്തിന്റെ വിധി നടപ്പായി എന്നായിരുന്നു ഹരികുമാറിന്റെ മരണ വിവരം അറിഞ്ഞ വിജിയുടെ പ്രതികരണം.

അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതലാണ് വിജി കുടുംബത്തോടൊപ്പം സനല്‍കുമാര്‍ മരിച്ച സ്ഥലത്ത് ഉപവാസ സമരം തുടങ്ങിയത്.

ഒളിവിലായിരുന്ന ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ രാവിലെ പത്തര മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

ബിനുവിനുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് ഐജി ശ്രീജിത്ത് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *