കൊച്ചി:ഡബ്ല്യു.സി.സിയിലെ അംഗങ്ങളുടെ നിലപാടിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്നു മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു.സി.സിയില്‍ നിന്നും നടി മഞ്ജു വാര്യര്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. മുന്‍പും സംഘടനയുടെ ചില നിലപാടുകളോട് മഞ്ജുവിന് അഭിപ്രായ വ്യത്യാസമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു.മലയാള സിനിമാ വ്യവസായത്തെ മൊത്തം ഡബ്ല്യു.സി.സിയുടെ നിലപാടുകള്‍ പ്രതിസന്ധിയിലാക്കുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. താന്‍ ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവച്ച കാര്യം അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ മഞ്ജു വാര്യര്‍ അറിയിച്ചതായാണ് വിവരം.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സിയിലെ ചില നടിമാര്‍ രാജി വച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മഞ്ജു നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ച രാജിക്കത്ത് ഇ മെയിലില്‍ അയച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ഇക്കാര്യം മഞ്ജു വാര്യരോ ഡബ്ല്യു.സി.സിയോ സ്ഥിരീകരിച്ചിട്ടില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ മഞ്ജു വാര്യരുടെ പ്രതികരണം വരാത്തത് വലിയ വാര്‍ത്തയായിരുന്നു.