കോഴിക്കോട്: കഴിഞ്ഞ ദിവസം അർധരാത്രിക്കു നഗരത്തിലൂടെ നടന്നുപോകുകയായിരുന്ന ട്രാൻസ്ജെൻഡേഴ്സായ സുസ്മി (38), മമത ജാസ്മിൻ (43) എന്നിവരെ പോലീസ് മർദിച്ച സംഭവത്തിൽ കോഴിക്കോട് കസബ എസ്ഐക്കെതിരേ കേസ്. സംഭവം വിവാദമയദോടെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശത്തെ തുടർന്നാണ് കസബ എസ്ഐ സിജിത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്തുന്നത്. കോഴിക്കോട് ഡിസിപി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല.
വ്യാഴാഴ്ച പുലർച്ചെ കോട്ടപ്പറന്പ് ആശുപത്രിക്ക് സമീപം വച്ച് പോലീസ് മർദിച്ചെന്നാണ് ഇവരുടെ പരാതി. ഇവരുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. ഇവരുടെ മർദ്ദനമേറ്റ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു , മർദ്ദനമേറ്റതിനെ തുടർന്ന് ഇരുവരും കോഴിക്കോട് ബീച്ച് ആശുപതിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. അതെ തുടർന്നാണ് നടപടി ,
പക്ഷെ പോലീസ് പറയുന്നത് മറ്റൊന്നാണ് , അന്ന് രാത്രി അനാശാസ്യത്തിന് പ്രേരിപ്പിച്ചുകൊണ്ടുപോയി ബാഗ് കവർച്ച ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിലാണ് ട്രാൻസ്ജെൻഡേഴ്സിനെ കൈകാര്യം ചെയ്തതെന്നാണു പോലീസ് വിശദീകരണം. പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു നടപടിയെന്നും സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെട്ട ഇവരെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിനാൽ ചൂരൽവീശി ഓടിച്ചുവിടുകയാണുണ്ടാതെന്നും എസ്ഐ സിജിത്ത് പറഞ്ഞു.