ബാങ്കോക്ക്: അസാധ്യമെന്നു കരുതിയത് സാധ്യമാക്കിയതിന്റെ ആശ്വാസത്തിലാണ് ലോകം. തായ്ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും വിജയസമാപ്തിയായതോടെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ചരിത്രമായി അതു മാറി.
രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിനത്തില്‍ നാലു കുട്ടികളെയും കോച്ചിനേയുമാണ് പുറത്തെത്തിച്ചത്. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെതന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്സുക്ക് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ചികിത്സ നല്കി. എട്ടുപേരുടെയും എക്സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്സുക്ക് അറിയിച്ചു.
ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര് കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ ശ്രമത്തില്‍ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്ലാന്ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.