ജറുസലേമില്‍ അമേരിക്കന്‍ എംബസി തുറന്നതിനെതിരെ പ്രതിഷേധിച്ച 41 പേരെ ഇസ്രയേല്‍ സേന വെടിവെച്ചുകൊന്നു. 1,700 പേര്‍ക്കു പരിക്കേറ്റു. അമേരിക്കന്‍ എംബസിക്കെതിരായി പലസ്തീനികള്‍ നടത്തിയ പ്രതിഷേധത്തിലേക്കാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികളുടെ ഭാഗമാണ് ജറുസലേമില്‍ അമേരിക്കയുടെ എംബസി തുറക്കല്‍. എംബസി തുറക്കുന്നതിനെതിരെ പലസ്തീനില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്. അമേരിക്കയുടെ പ്രകോപനപരമായ നടപടിക്കെതിരെ ലോകരാജ്യങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.
ഗാസയില്‍ ഹമാസ് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്നപേരില്‍ ആറാഴ്ചയായി പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. വ്യാപക പ്രതിഷേധം വകവെക്കാതെ എംബസി ഇന്നു തന്നെ തുറക്കാനുള്ള അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് 35000 പേരോളം തെരുവിലിറങ്ങി. ഇതിനെ നേരിടാന്‍ സൈനികസംവിധാനങ്ങള്‍ ഉപയോഗിക്കുകയായിരുന്നു ഇസ്രയേല്‍. വിദൂരത്തുനിന്നും ഉന്നം തെറ്റാതെ വെടിവക്കാനായി സ്നൈപ്പര്മാരെയടക്കം ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.
പ്രതിഷേധങ്ങള്‍ക്കും വെടിവയ്പിനുമിടയിലും യുഎസ് അംബാസഡര്‍ ഡേവിഡ് ഫ്രൈഡ്മാന് എംബസി ഉദ്ഘാടനം ചെയ്തു. ‘സാധാരണ നടപടിക്രമങ്ങള്‍ക്ക്’ മാത്രമാണിതെന്നാണ് വെടിവയപിനെക്കുറിച്ച് ഇസ്രയേലിന്റെ വാദം.