ദില്ലി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ സിബിഎസ്‌ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തുകയില്ല.. ഇത് സംബന്ധിച്ചുള്ള സിബിഎസ്‌ഇയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. അതേസമയം പരിശോധനയില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് സിബിഎസ്‌ഇ വൃത്തങ്ങള്‍ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലുള്‍പ്പെടെയുളളവരുമായി സിബിഎസ്‌ഇ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നട ത്തിയിരുന്നു, ഇതിന് ശേഷം സിബിഎസ്‌ഇയുടെ നിര്‍ണായക ബോര്‍ഡ് യോഗം ചേരുകയും ചെയ്തു . അതേസമയം ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം അറ്റോര്‍ണി ജനറല്‍ നാളെ സുപ്രിം കോടതിയെ ഔദ്യോഗികമായി അറിയിക്കും.
മാര്‍ച്ച് 28നായിരുന്നു സിബിഎസ്‌ഇ പത്താം ക്ലാസിലേക്കുള്ള കണക്ക് പരീക്ഷ നടന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നെങ്കിലും അത് ഫലത്തെ ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് സിബിഎസ്‌ഇയുടെ തീരുമാനം.
ചോദ്യപേപ്പറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് സിബിഎസ്‌ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകള്‍ റദ്ദാക്കിയത്. മാറ്റി വച്ച പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25 ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നപ്പോഴും കണക്ക് പരീക്ഷയെ സംബന്ധിച്ച് തീരുമാനമുണ്ടായിരുന്നില്ല.
പുതിയ തീയതി പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത് . മാറ്റിവെച്ച കണക്ക് പരീക്ഷ ഹരിയാനയിലും ദില്ലിയിലും മാത്രമാണ് നടത്തുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് സുപ്രിം കോടതിയെ സമീപിച്ചത്.