ചെന്നൈ: അവസാനപന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ചെന്നൈ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി.കൊല്‍ക്കത്ത ഉയര്‍ത്തിയ 203 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഒരേയൊരു പന്തു ബാക്കി നില്‍ക്കെയാണ് ചെന്നൈ മറികടന്നത്. ഓപ്പണറായെത്തിയ ഷെയ്ന്‍ വാട്‌സണ്‍ ആണ് ചെന്നൈയുടെ ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ടത്.
കാവേരി വിഷയത്തില്‍ പ്രതിഷേധം കത്തിക്കയറുമ്പോൾ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയകാഹളം മുഴക്കുകയായിരുന്നു. അഞ്ചു വിക്കറ്റിനാണ് ധോണിയുടെയും സംഘത്തിന്റെയും ജയം. സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ തോല്‍വി കൂടിയാണിത്.
വെസ്റ്റിന്‍ഡീസ് താരം ആന്ദ്ര റസലിന്റെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.കാര്യമായ സംഭാവനകളുമായി തിളങ്ങിയ അമ്പാട്ടി റായിഡു (26 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 39), സുരേഷ് റെയ്‌ന (12 പന്തില്‍ ഒരു സിക്‌സുള്‍പ്പെടെ 14), മഹേന്ദ്രസിങ് ധോണി (28 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 25) എന്നിവരും ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.