തിരുവനന്തപുരം: ബിജെപിയുടെ പേരു പറഞ്ഞു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം നിര്‍ണായകമായ അന്തിമഘട്ടത്തിലേക്ക് . ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി സമാഹരിക്കുക തന്നെയാണ് സിപിഎമ്മിന്റേയും കോൺഗ്രസിന്റെയും ലക്ഷ്യം. ആരാണു ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതെന്ന ചോദ്യമാണ് ഇരുകൂട്ടരും ഉയര്‍ത്തുന്നത്.
ഭൂരിപക്ഷ വോട്ടുകളില്‍ ഏതാണ്ടു ലഭിക്കാവുന്ന വിഹിതം യുഡിഎഫും എല്‍ഡിഎഫും ബിജെപിയും കണക്കാക്കിയിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളുടെ കാര്യത്തില്‍ ഉദ്വേഗം നിലനില്ക്കുന്നു. വിജയം ഉറപ്പിക്കണമെങ്കില്‍ അവ പരമാവധി കിട്ടിയേ തീരൂവെന്നു കണ്ടതോടെ ബിജപിക്കെതിരായുള്ള ആക്ഷേപങ്ങള്‍ക്ക് ഇരുമുന്നണികളും മൂര്‍ച്ച കൂട്ടി. സ്ഥാനാര്‍ഥിയുടേതടക്കം മതനിരപേക്ഷത സംബന്ധിച്ച ആരോപണങ്ങളും ഉയര്‍ന്നു. കെ.എം.മാണി യുഡിഎഫിനായി പ്രചാരണത്തിനെത്തിയത് ആ ക്യാംപിനെ കൂടുതല്‍ ഉഷാറാക്കിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ കെട്ടിവച്ച കാശുപോലും കിട്ടാത്ത സിപിഎമ്മാണു ബിജെപിയെ പ്രതിരോധിക്കുമെന്ന വീരസ്യം പറയുന്നതെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയുടെ പ്രസ്താവനയാണു വാക്പോരിനു തുടക്കമിട്ടത്. കര്‍ണാടക തെരഞ്ഞെടുപ്പിലടക്കം സിപിഎമ്മിനുണ്ടായ ഗതിയാണ് ആന്റണി സൂചിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ അഭിനന്ദിക്കുമ്പോൾ പിണറായി വിജയന് തുള്ളിച്ചാടുകയാണെന്ന് ആക്ഷേപിച്ചു , മോഡി-പിണറായി സൗഹൃദം വരച്ചിടാനും ആന്റണി മറന്നില്ല.
ഇതിലെ അപകടം മനസ്സിലാക്കിയ പിണറായി ചെങ്ങന്നൂരിലെ പൊതുയോഗങ്ങളില്‍ ആന്റണിക്കെതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസുകാരില്‍ ചിലര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണെന്നു നേരത്തേ പറഞ്ഞത് ഇതേ ആന്റണിയല്ലേയെന്നായിരുന്നു പിണറായിയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാര്‍ കൊള്ളാമെന്നു കേന്ദ്രം പറഞ്ഞാല്‍ അതു നിഷേധിക്കണോ? കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണെന്നു മേനി നടിച്ചിട്ടു കര്‍ണാടകയില്‍ കുമാരസ്വാമിയുടെ പിറകില്‍ പോയിരിക്കേണ്ടി വന്നില്ലേയെന്നും പിണറായി പരിഹസിച്ചു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനു സാധിക്കില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പഴയ വാദം പ്രചാരണ യോഗങ്ങളില്‍ പിണറായി ആവര്‍ത്തിച്ചു.