കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളായ ആദിവാസികളുടെ ഭൂമി പ്രശ്നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്കിയതോടെ സമരം പിന്‍വലിക്കാന്‍ സമരസമിതി നേതാക്കള്‍ തീരുമാനിച്ചു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കുമെന്നും കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉറപ്പുനല്‍കി.
ഉച്ചയോടെയാണ് കര്‍ഷക പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചത്.
മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയും കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. സിപിഎം കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് (എബികഐസ്) പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.
ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ജീവിതം അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക കടങ്ങള്‍ തള്ളുന്നതിനു പുറമേ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന് കമ്മീഷന് നിര്‍ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.