ചെക്ക്‌പോസ്റ്റുകളിൽ നിന്നും പിടികൂടിയത് വിഷം കലർന്ന 9,500 കിലോ മൽസ്യങ്ങൾ ; ആശയക്കുഴപ്പത്തിൽ കേരളത്തിലെ മത്സ്യഭക്ഷണപ്രേമികൾ ;

home-slider kerala news

കൊല്ലത്ത്  ആര്യങ്കാവില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മീനാണ് പിടിച്ചെടുത്തിരിക്കുന്നത്. ഓപ്പറേഷന്‍ സാഗര്‍ പദ്ധതിയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന മീനാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനായി കൊണ്ടുവന്നതാണ് ഈ മീന്‍. പിടിച്ചെടുത്തതില്‍ ഏഴായിരം കിലോ ചെമ്മീനും ബാക്കി മറ്റ് മത്സ്യങ്ങളുമാണ്. പരിശോധനയില്‍ മീനില്‍ വലിയ തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവയെല്ലാം വലിയ തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്നവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധന വ്യാപകമാക്കിയതിന് ശേഷവും വിഷമീന്‍ ഒഴുകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചെക്ക് പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അനാസ്ഥയാണ് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വന്‍തോതില്‍ സംസ്ഥാനത്തെത്താന്‍ കാരണമെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം പാലക്കാട് വാളയാറിലും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടികൂടിയിരുന്നു. ഫോര്‍മാലിന്‍ കലര്‍ത്തിയ നാല് ടണ്‍ ചെമ്മീനാണ് വാളയാറില്‍ പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നു ചെമ്മീന്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വാളയാറില്‍ നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചത്.

അടുത്തിടെ തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച്‌ കളഞ്ഞു. പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിന്‍ കഴിക്കുന്ന മീനിനൊപ്പം ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഫോര്‍ലിന്‍ അടങ്ങിയ മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്നത് തടയാന്‍ കര്‍ശന പരിശോധനയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *