ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയായിരുന്നു ആം ആദ്മി പാർട്ടി , എന്നാൽ ഈ പാർട്ടി വീണ്ടും തമ്മിലടി വിവാദത്തിൽ ചെന്നുപെട്ടിരിക്കുകയാണ് . മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടുവെന്ന ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ ആം ആദ്മി എം.എല്‍.എ പ്രകാശ് ജാര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകാശ് ജാര്‍വാളും മറ്റൊരു എം.എല്‍.എയായ അമാനത്തുള്ള ഖാനും ചേര്‍ന്നാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയ്യേറ്റം ചെയ്തതെന്നാണ് പരാതി. എന്നാല്‍ വാർത്തകൾ നിഷേധിച്ചു കൊണ്ട് ചീഫ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് ആം ആദ്മി നേതൃത്വം പറയുന്നത്.
സംഭവം ഇങ്ങനെ :-
തിങ്കളാഴ്ച രാത്രിയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍ സംഭവം നടന്നത്. പരസ്യ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയെ കേജ്രിവാള്‍ രാത്രി കൂടിക്കാഴ്ചയ്ക്കു വിളിച്ചിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടായെന്നും ഇതിനിടെ രണ്ട് എം.എല്‍.എമാര്‍ തന്നെ കൈയേറ്റം ചെയ്തെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ആരോപണം. തന്നെ കോളറില്‍ കുത്തിപ്പിടിച്ച എം.എല്‍.എമാര്‍ മര്‍ദ്ദിച്ചതായും അദ്ദേഹം പരാതിപ്പെട്ടു. മര്‍ദ്ദനത്തില്‍ ചീഫ് സെക്രട്ടറിയുടെ കണ്ണട തകര്‍ന്നതായും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഡിഫന്‍സ് കോളനി റോഡില്‍ നിന്നാണ് പ്രകാശ് ജാര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിലെ മറ്റൊരു പ്രതി അമാനത്തുള്ള ഖാന്‍ ഒളിവിലാണ്. ഇയാളെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.