ചുരുങ്ങിയത് മൂന്ന് ആഴ്‌ച വിശ്രമം വേണം; രോഹിത്തിന്റെ പരുക്കിനെ കുറിച്ച്‌ ആരോഗ്യവിദഗ്‌ധര്‍

cricket sports

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ രോഹിത് ശര്‍മയ്‌ക്ക് മൂന്ന് ആഴ്‌ചയോളം വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ രോഹിത് ശര്‍മയ്‌ക്ക് തുടര്‍ന്നുള്ള ഐപിഎല്‍ മത്സരങ്ങള്‍ നഷ്‌ടമാകുമെന്ന് ഉറപ്പായി.

രണ്ടോ മൂന്നോ ആഴ്‌ച പൂര്‍ണ വിശ്രമം വേണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിസിയോ തെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ പറയുന്നത്. വളരെ വിശമായ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് ടീം സെലക്‌ടേഴ്‌സിനു മുന്നില്‍ നിതിന്‍ പട്ടേല്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് രോഹിത് മൂന്ന് ആഴ്‌ചയോളം ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് വ്യക്തമാക്കുന്നത്. ടീം ഫിസിയോ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരിക്കുന്നത്.

രോഹിത് ശര്‍മയ്‌ക്ക് എന്തുപറ്റി ? ഇന്ത്യന്‍ ക്രിക്കറ്റിലെ പുകമറ, ചോദ്യങ്ങളുമായി ആരാധകര്‍

അതേസമയം, രോഹിത്തിന്റെ ഫിറ്റ്‌നസ് നിരന്തരം നിരീക്ഷിക്കാനാണ് ബിസിസിഐയുടെ തീരുമാനം. കളിക്കാന്‍ പാകത്തിനു ഫിറ്റ്‌നസില്‍ എന്തെങ്കിലും പുരോഗതിയുണ്ടായാല്‍ രോഹിത് ശര്‍മയെ ഓസ്‌ട്രേലിയയിലേക്ക് വിളിക്കാനുള്ള കാര്യവും ആലോചനയിലാണ്.

ഐപിഎല്ലില്‍ രോഹിത്തിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. പ്ലേ ഓഫിലെ നിര്‍ണായക മത്സരങ്ങളില്‍ രോഹിത് ശര്‍മയില്ലാതെ മുംബൈയ്‌ക്ക് ഇറങ്ങേണ്ടിവരും.

ഇന്ത്യന്‍ ടീം ഫിസിയോ നിതിന്‍ പട്ടേല്‍ രോഹിത്തിന്റെ പരുക്ക് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വിദഗ്‌ധരായ മറ്റ് രണ്ട് ഡോക്‌ടര്‍മാരെയും കാണിച്ചു. ഈ ഡോക്‌ടര്‍മാരും മൂന്ന് ആഴ്‌ച രോഹിത് വിശ്രമിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതായി ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു. സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് രോഹിത്തിനെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നു മാറ്റിനിര്‍ത്തിയിരിക്കുന്നത്.

ജന്മദിനം കളറാക്കി വാര്‍ണര്‍; കളമറിഞ്ഞ് കളിച്ച്‌ സാഹ, കിടിലന്‍ കൂട്ടുക്കെട്ട്

അതേസമയം, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കി, ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ രോഹിത് കളിക്കില്ല തുടങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഒരു ട്വീറ്റ് വരുന്നത്. രോഹിത് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രമാണ് മുംബൈ പങ്കുവച്ചത്. രോഹിത്തിന്റെ പരിശീലന വീഡിയോയും മുംബൈ പങ്കുവച്ചിരുന്നു. ഇത് കായികലോകത്ത് ഏറെ ചര്‍ച്ചയായി. പരുക്കിനെ തുടര്‍ന്ന് ഡിസംബറിലെ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയ രോഹിത് ഇപ്പോള്‍ പരിശീലനം നടത്തുന്ന വീഡിയോ ഏറെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

രോഹിത് ശര്‍മയ്‌ക്ക് എപ്പോള്‍ ബാറ്റിങ് പരിശീലനം പുനരാരംഭിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച്‌ തങ്ങള്‍ക്ക് യാതൊരു സൂചനയും നല്‍കാന്‍ സാധിക്കില്ലെന്ന് സെലക്ഷന്‍ കമ്മിറ്റിയും ഇന്ത്യന്‍ ബോര്‍ഡും പറയുന്നു. ഒക്‌ടോബര്‍ 18 നാണ് രോഹിത്തിന് പരുക്ക് പറ്റിയതെന്നും അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്നും ഇന്ത്യന്‍ ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

ബിസിസിഐക്കെതിരെ ഒളിയമ്ബെയ്‌ത് സുനില്‍ ഗവാസ്‌കര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. രോഹിത്തിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

“ഒന്നര മാസം കഴിഞ്ഞുള്ള ടെസ്റ്റ് മത്സരങ്ങളെ കുറിച്ചാണ് നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഒന്നരമാസം കഴിഞ്ഞുള്ള പരമ്ബരയില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരിക്കുന്നു. പരുക്കാണ് കാരണം. എന്നാല്‍, രോഹിത് നെറ്റ്‌സില്‍ പരിശീലിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു. എന്ത് തരം പരുക്കാണ് രോഹിത്തിന് സംഭവിച്ചിട്ടുള്ളത്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അറിയില്ല എന്തുതരം പരുക്കാണിതെന്ന്. എനിക്ക് തോന്നുന്നു ഇവിടെ ചില കാര്യങ്ങളില്‍ സുതാര്യത കുറവുണ്ട്. രോഹിത്തുമായി എന്താണ് പ്രശ്‌നമെന്ന് അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇതിലെ സത്യസന്ധമായ വസ്‌തുത അറിയാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് അവകാശമുണ്ട്. കഴിഞ്ഞ രണ്ട് കളികളിലായി പരുക്ക് മൂലം പുറത്തിരിക്കുന്ന പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള മൂന്ന് ടീമിലുമുണ്ടല്ലോ !” ഗവാസ്‌കര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *