ഗുഹയിലെ രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം പത്ത് മണിക്കൂറിനകം ആരംഭിക്കും; കാത്തിരിപ്പോടെ ലോകം

home-slider indian news world news

 

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പത്ത് മണിക്കൂറിനകം ആരംഭിക്കും. ഇന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ആറ് കുട്ടികള്‍ സുരക്ഷിതരാണെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ നാല് കുട്ടികള്‍ ഗുഹയ്ക്ക് പുറത്തെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നാലു പേരും ചിയാംഗ് റായിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രദേശിക സമയം രാവിലെ പത്ത് മണിയോടെയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഗുഹയിലേക്ക് പ്രവേശിച്ചത്. 18 നീന്തല്‍ വിദ്ഗദരായിരുന്നു ഗുഹയ്ക്ക് അകത്തേക്ക് പ്രവേശിച്ചത്. ആദ്യ കുട്ടിയെ പുറത്തുകൊണ്ടുവരാന്‍ 11 മണിക്കൂര്‍ സമയം വേണം എന്നതായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. പ്രദേശിക സമയം വൈകുന്നേരം 5.30 ഓടെയാണ് ആദ്യ രണ്ട് കുട്ടികള്‍ പുറത്തെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. 7.40 ഓടെ മൂന്നാമത്തെ കുട്ടിയും 7.50 ന് നാലാമത്തെ കുട്ടിയും പുറത്തെത്തി. രണ്ട് കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിന് സമീപം സുരക്ഷിതരായി എത്തിച്ചിട്ടുണ്ട്.

ഗുഹകവാടത്തിനു സമീപം രക്ഷപ്പെടുത്തുന്ന കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സും ഹെലികോപ്റ്ററും സജ്ജമായിരുന്നു. കൂടാതെ ഗുഹയുടെ കവാടത്തിന് സമീപം തായ്‌ലന്‍ഡ്, അമേരിക്ക, ഓസ്‌ട്രേലിയ, ചൈന, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ മാസം 23 നാണ് വടക്ക് തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ് ഗുഹയില്‍ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും സന്ദര്‍ശനത്തിന് എത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെ അവര്‍ ഗുഹയില്‍ അകപ്പെട്ടു. ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെ കുട്ടികളും കോച്ചും പാറയില്‍ അഭയം തേടി. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആദ്യ ദിവസം തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഒന്‍പതാം ദിവസമാണ് കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *