അഹമ്മദാബാദ്: രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്താണ് രാജ്യത്ത് ഭരണ തലത്തില്‍ മലയാളികളുടെ വന്‍ പങ്കാളിത്തം ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രിമാരായി നിരവധി പേര്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ ഉദ്യോഗസ്ഥ തലത്തിലും നിരവധി മലയാളികള്‍ ഉണ്ടായിരുന്നു. ഇന്നും രാജ്യത്തെ സുപ്രധാന മേഖലകളിലെ താക്കോല്‍ സ്ഥാനത്ത് മലയാളി ഉദ്യോഗസ്ഥരുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനിയായുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനായ മലയാളിയായ റിട്ടയേഡ് ഐ.എ.എസ്. ഓഫീസര്‍ കെ. കൈലാസനാഥനാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്ന കൈലസനാഥന്‍ ഇപ്പോള്‍ ആര് ഗുജറാത്ത് മുഖ്യമന്ത്രി ആയാലും അവരുടെ ഓഫീസില്‍ കസേര മാറ്റമില്ലാത്ത ഉദ്യോഗസ്ഥനാണ്.
പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി കെ കൈലാസനാഥന്‍ എന്ന മലയാളി നിയമിതനായിട്ടുണ്ട്. തുടര്‍ച്ചയായി നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കൈലാസനാഥന്‍. 1979 ഐ.എ.എസ്. ബാച്ചുകാരനായ ഇദ്ദേഹം കോഴിക്കോട് വടകര സ്വദേശിയാണ്. കുനിയില്‍ കൈലാസനാഥന്‍ എന്ന് മുഴുവന്‍ പേര്. നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനായ അദ്ദേഹം മോദിയുടെ ഗുജറാത്തിലെ കണ്ണായാണ് അറിയപ്പെടുന്നത്. നേരത്തെ പ്രധാനമന്ത്രി ആയപ്പോള്‍ മോദി ഡല്‍ഹിയിലേക്ക് ചുടവുമാറിയപ്പോള്‍ മോദി കെ കെയോട് ഗുജറാത്തില്‍ തുടരാനാണ് ആവശ്യപ്പെട്ടത്.
കെ.കെ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൈലാസനാഥന്‍ 2006 ജൂലായ് മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായകസ്ഥാനത്തുണ്ട്. 2013-ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചപ്പോള്‍ മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. മലയാളി ഉദ്യോഗസ്ഥന്റെ മിടുക്കില്‍ തൃപ്തനായ മോദി പിന്നീട് അദ്ദേഹത്തിന്റെ കാലാവധി നീട്ടി ഓഫീസില്‍ നിലനിര്‍ത്തി. പിന്നീട് ആനന്ദിബെന്‍ പട്ടേല്‍, വിജയ് രൂപാണി മന്ത്രിസഭകള്‍ വന്നപ്പോഴും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസില്‍ തുടര്‍ന്നു.