തിരുവനന്തപുരം: കോട്ടയത്ത് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വിവാദം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി മഹിമ മാത്യു(31)വിന്റെ മരണത്തിനു കാരണമായി കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട ത്രോംബോസിസ്(രക്തക്കുഴലില്‍ രക്തം കട്ടംപിടിക്കുന്നത്) ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുമ്ബോള്‍ ചികിത്സാപ്പിഴവ് ആരോപിക്കുകയാണ് ബന്ധുക്കള്‍. സംഭവത്തില്‍ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു കാക്കുകയാണ് ആരോഗ്യ വകുപ്പ്.
ഓഗസ്റ്റ് ആറിനാണു മഹിമ കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. അതിന് മുന്‍പ് തന്നെ, മഹിമ ഗര്‍ഭിണിയാണെന്നു പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍വച്ച് സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 11 നാണ് രൂക്ഷമായ തലവേദന അനുഭവപ്പെട്ട മഹിമയെ നാലു ദിവസത്തിനുശേഷം ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16നു മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുയും നാല് ദിവസത്തിനുശേഷം മരണം സ്ഥിരീകരിക്കുകയും ചെയ്തു. മരണകാരണമായി മസ്തിഷ്ക സിര ത്രോംബോസിസും വാക്സിനുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോപീനിയയുമാണു ഡെത്ത് റിപ്പോര്‍ട്ടില്‍ ആശുപത്രി പറയുന്നത്.
“മരണവും വാക്സിനും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ സാഹചര്യം മനസിലാകുന്നില്ല. വാക്സിന് എടുത്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് യുവതിക്ക് തലവേദന ഉണ്ടായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കാര്യങ്ങള്‍ വ്യക്തമാകു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മരണ കാരണം പരിശോധിക്കും,” കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.
“ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കാമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. ഭാര്യയുടെ ആരോഗ്യസ്ഥിതി വഷളായത് വാക്സിന് എടുത്തതിന്റെ പാര്ശ്വഫലമായിട്ടാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആശുപത്രിയിലെ ചികിത്സയില്‍ ഞാന്‍ തൃപ്തനല്ല,” മഹിമയുടെ ഭര്‍ത്താവ് രഞ്ജിത്ത് ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.
ഈ മാസം ആദ്യം കൊച്ചിയില്‍ പത്തൊന്‍പതുകാരിയും രക്തസ്രാവം മൂലം മരിച്ചിരുന്നു. വാക്സിന്റെ പാര്‍ശ്വഫലമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂലൈ 28 നായിരുന്നു യുവതി വാക്സിന് സ്വീകരിച്ചിരുന്നത്. പിന്നീട് തലവേദന അനുഭവപ്പെടുകയും സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 12നാണ് മരണം സ്ഥിരീകരിച്ചത്.