ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എംഎല്‍എയെ രക്ഷിക്കാന്‍ സിഐ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന ആരോപണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ സിഐ മോഹന്‍ദാസിനെ സ്ഥലംമാറ്റി. അഞ്ചല്‍ സിഐയെ കേസന്വേഷണം ഏല്‍പ്പിച്ചത് വന്‍ വിവാദമായിരുന്നു.
സംഭവത്തിന് സാക്ഷിയായിരുന്നു സിഐയും. അപ്പോള്‍ മുതല്‍ സിഐ എംഎല്‍എയ്ക്ക് അനുകൂലമായാണ് നിലകൊണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞയോടെയാണ് വിവാദമായത്. കോട്ടയം പൊന്കുന്നത്തേയ്ക്കാണ് മാറ്റം. സംഭവത്തിന് സാക്ഷിയായിട്ടും അദ്ദേഹം യുവാവിന് നീതി ലഭിക്കാന്‍ ഇടപെട്ടില്ലെന്നും പറയുന്നു.
എന്നാല്‍ സിഐയ്ക്ക് നേരത്തേ സ്ഥലം മാറ്റത്തിനുള്ള ഓര്‍ഡര്‍ വന്നതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. പകരം ചാര്ജെടുക്കേണ്ട ഉദ്യോഗസ്ഥന് ലീവിലായതിനാലാണ് മോഹന്‍ദാസ് തുടര്‍ന്നതെന്നും പറയുന്നു.
ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണച്ചുമതല അഞ്ചല്‍ സിഐയ്ക്ക് നല്‍കിയത് ഏറെ വിവാദമായിരുന്നു. സമാനസംഭവത്തില്‍ ആരോപണവിധേയനാണ് സിഐ മോഹന്‍ ദാസ്. സംഭവം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന സിഐ എംഎല്‍എയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കേസിന്റെ അന്വേഷണച്ചുമതല സിഐയ്ക്ക് നല്‍കിയത് കേസ് അട്ടിമറിക്കുന്നതിനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എംഎല്‍എ മര്‍ദിച്ച സംഭവത്തിന്റെ ദൃക്സാക്ഷിയായ സിഐയെ തന്നെ കേസന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതിനെതിരെ യുവാവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. സിഐ മോഹന്‍ ദാസ് പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണനും ഷീനയും പരാതിപ്പെട്ടിരുന്നു. തങ്ങളോട് മോശമായി സംസാരിക്കുന്ന എംഎല്‍എയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മൊബൈല്‍ തട്ടിക്കളയാന്‍ സിഐ ശ്രമിച്ചിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
സിഐ മോഹന്‍ദാസിന്റെ വീടിന് സമീപം വച്ചാണ് ഗണേഷ് കുമാര്‍ എംഎല്‍എ അനന്തകൃഷ്ണനെ മര്‍ദിച്ചത്. സംഭവം നടക്കുമ്ബോള്‍ തൊട്ടടുത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു സിഐ. ഗണേഷ് കുമാര്‍ അസഭ്യം പറയുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ അനന്തകൃഷ്ണന് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് സിഐ തടയുകയും മൊബൈല്‍ തട്ടിക്കളയുകയും ചെയ്തു. സിഐയോട് അനന്തകൃഷ്ണനും അമ്മ ഷീനയും പരാതി പറഞ്ഞെങ്കിലും ഇയാള്‍ നടപടി ഒന്നും എടുത്തില്ല. എംഎല്‍എയ്ക്ക് അനുകൂലമായ നിലപാടായിരുന്നു തുടക്കം മുതല്‍ സിഐ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ അന്വേഷണച്ചുമതല സിഐയെ ഏല്‍പ്പിക്കുന്നത് കേസ് അട്ടിമറിക്കുന്നതിനാണെന്ന് അനന്തകൃഷ്ണന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.
കേസ് തുടക്കത്തില്‍ അന്വേഷിച്ചത് അഞ്ചല്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. എന്നാല്‍ സംഭവം അതീവ ഗൗരവതരമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ഡിവൈഎസ്പിക്ക് വിട്ടു. അവിടെ നിന്നാണ് അന്വേഷണച്ചുമതല ആരോപണവിധേയനായ സിഐയ്ക്ക് കൈമാറിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് ഇപ്പോള്‍ സിഐയ്ക്ക് സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്.
വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞാണ് എംഎല്‍എയും അദ്ദേഹത്തിന്റെ പിഎയും അനന്തകൃഷ്ണനെ മര്‍ദിച്ചത്. അഞ്ചല്‍ അഗസ്ത്യകൂടത്ത് വച്ചായിരുന്നു സംഭവം. ഒരു മരണവീട്ടില്‍ പോയി മടങ്ങിവരുകയായിരുന്നു എംഎല്‍എ. എതിരെ വന്ന അനന്തകൃഷ്ണന്റെ വാഹനം സൈഡ് നല്‍കാഞ്ഞതിനെ തുടര്‍ന്ന് എംഎല്‍എയും പിഎയും കാറില്‍ നിന്നിറങ്ങി അനന്തകൃഷ്ണനെ മര്‍ദിക്കുകയായിരുന്നു. വാഹനം പിറകോട്ടെടുക്കാന്‍ അനന്തകൃഷ്ണന്റെ അമ്മ ആവശ്യപ്പെട്ടതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഗണേഷ് കുമാറിന്റെ വാഹനം പിറകോട്ട് എടുത്തിരുന്നെങ്കില്‍ ഇരുവര്‍ക്കും സുഗമമായി പോകാമായിരുന്നെന്നാണ് ദൃക്സാക്ഷികളും വ്യക്തമാക്കിയത്. എന്നാല്‍ കാര്‍ പിന്നോട്ടെടുക്കാന്‍ വിസമ്മതിച്ച എംഎല്‍എ അനന്തകൃഷ്ണനോടും അമ്മയോടും തട്ടിക്കയറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.